ന്യൂഡൽഹി : ദേശീയ രാഷ്ട്രീയത്തിലെ വൻതുരങ്കങ്ങളെയും അമ്പരപ്പിച്ചുക്കൊണ്ട് സോഷ്യൽ മീഡിയയിൽ പുതിയ ഡിജിറ്റൽ രാഷ്ട്രീയ വിപ്ലവം. 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയാണ് വെറും അഞ്ച് ദിവസം കൊണ്ട് ഭരണകക്ഷിയായ ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിനെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വെട്ടിച്ചുകളഞ്ഞത്. മേയ് 21-ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ ഇൻസ്റ്റാഗ്രാം പേജിന് (@bjp4india) 87 ലക്ഷം ഫോളോവേഴ്സ് ഉള്ളപ്പോൾ, സി.ജെ.പി ഇതിനകം 90 ലക്ഷത്തിലധികം (9 മില്യൺ) ഫോളോവേഴ്സിനെ സ്വന്തമാക്കി കഴിഞ്ഞു. 1.32 കോടി ഫോളോവേഴ്സുള്ള കോൺഗ്രസ് മാത്രമാണ് ഇനി ഈ ഡിജിറ്റൽ പാറ്റകൾക്ക് മുന്നിലുള്ളത്. 19 ലക്ഷം ഫോളോവേഴ്സ് മാത്രമുള്ള ആം ആദ്മി പാർട്ടിയെ സി.ജെ.പി ആദ്യ ദിവസങ്ങളിൽ തന്നെ പിന്നിലാക്കിയിരുന്നു. വെറും 55-ഓളം പോസ്റ്റുകളിൽ നിന്നാണ് സി.ജെ.പി ഈ ചരിത്ര നേട്ടം കൊയ്തത്.
സുപ്രീംകോടതിയിൽ ഒരു കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് ഈ സൈബേർ വിപ്ലവത്തിന് തിരികൊളുത്തിയത്. തൊഴിലില്ലാത്ത യുവാക്കൾ ആർ.ടി.ഐ പ്രവർത്തകരായി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും അവർ 'പാറ്റകളെപ്പോലെയാണെന്നും' ചീഫ് ജസ്റ്റിസ് വാമൊഴിയായി നിരീക്ഷിച്ചിരുന്നു. സംഭവം വിവാദമായതോടെ വ്യാജ ബിരുദക്കാരെയാണ് താൻ ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് ന്യായീകരിച്ചെങ്കിലും ഇന്ത്യൻ യുവാക്കൾ ഇത് ഏറ്റെടുത്തു.
'മടിയന്മാരും എപ്പോഴും ഓൺലൈനിൽ സമയം കളയുന്നവരും തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി' എന്ന ടാഗ്‌ലൈനോടെയാണ് ഇതിന് മറുപടിയായി 'കോക്രോച്ച് ജനതാ പാർട്ടി' രൂപം കൊണ്ടത്. 'മെംബർഷിപ്പ്' ഫോമിൽ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത് 'പ്രൊഫഷണലായി സിസ്റ്റത്തിനെതിരെ ഒച്ചവെക്കാനുള്ള കഴിവ്' മാത്രമാണ്! നിലവിൽ 1.6 ലക്ഷത്തിലധികം പേർ ഇതിനകം പാർട്ടി വെബ്‌സൈറ്റിൽ അംഗത്വത്തിനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ 30-കാരൻ അഭിജീത് ദിപ്‌കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്. തീർത്തും ആക്ഷേപഹാസ്യ സ്വഭാവമുള്ളതാണെങ്കിലും തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖർ ഈ കൂട്ടായ്മയ്ക്ക് സോഷ്യൽ മീഡിയയിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും എന്നാൽ വ്യവസ്ഥിതിയിലെ പോരായ്മകളെ പരിഹാസത്തിലൂടെ ചോദ്യം ചെയ്യുമെന്നുമാണ് സി.ജെ.പി പ്രഖ്യാപിക്കുന്നത്. പാർട്ടിക്ക് സ്വന്തമായി ലോഗോയും എ.ഐ അധിഷ്ഠിത പാർട്ടി ഗീതവും നിലവിലുണ്ട്.
സി.ജെ.പിയുടെ അഞ്ചിന 'പ്രകടനപത്രിക'
കേവലം തമാശയ്ക്കപ്പുറം ഗൗരവമേറിയ ചില രാഷ്ട്രീയ ആവശ്യങ്ങളും സി.ജെ.പി മുന്നോട്ട് വെക്കുന്നുണ്ട്:
* വിരമിച്ച ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് പ്രതിഫലമായി നൽകരുത്.
* പാർലമെന്റിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുക.
* പാർട്ടി മാറുന്ന എം.പിമാർക്കും എം.എൽ.എമാർക്കും 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുക.
* വോട്ടർമാരുടെ പേര് അനധികൃതമായി വെട്ടിമാറ്റിയാൽ ചീഫ് ഇലക്ഷൻ കമ്മീഷണറെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യുക.
* കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കുക, പരീക്ഷാ പേപ്പർ ചോർച്ച തടയുക.

0 Comments