banner

പശ്ചിമ ബംഗാളിൽ മമതയ്ക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, ഭൂരിഭാഗം എം.എൽ.എമാരും യോഗം ബഹിഷ്കരിച്ചു


​കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പിളർപ്പിലേക്ക് നീങ്ങുന്നതായി ശക്തമായ സൂചനകൾ. പാർട്ടിയിൽ ആഭ്യന്തര കലഹം അതീവ രൂക്ഷമാണെന്നും അൻപതോളം എം.എൽ.എമാർ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഇതിനോടകം തന്നെ നീക്കങ്ങൾ ആരംഭിച്ചെന്നുമാണ് പാർട്ടി ദേശീയ വക്താവ് റിജു ദത്തയുടെ അവകാശവാദം. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് കൊൽക്കത്തയിൽ മമത സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ വെറും ആറ് നിയമസഭാംഗങ്ങൾ മാത്രം പങ്കെടുത്തത്.

​കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം പരസ്യമായത്. തോൽവിയുടെ പശ്ചാത്തലത്തിൽ പ്രാദേശിക നേതാക്കളടക്കം നേതൃത്വത്തിനെതിരെ അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. മമത ബാനർജിയുടെ ഏകപക്ഷീയമായ പ്രവർത്തന രീതികളോട് പാർട്ടിയിലെ ഭൂരിഭാഗം എം.എൽ.എമാർക്കും കടുത്ത വിയോജിപ്പാണുള്ളത്. മമത പാർട്ടി തലപ്പത്ത് നിന്ന് മാറണമെന്ന ആവശ്യം എം.എൽ.എമാർക്കിടയിൽ ശക്തമാണ്. ഇതിന്റെ ഭാഗമായാണ് ആകെയുള്ള 80 എം.എൽ.എമാരിൽ 60 പേരും മമത വിളിച്ചുചേർത്ത അടിയന്തര യോഗം പൂർണ്ണമായും ബഹിഷ്കരിച്ചത്.

​പാർട്ടിയിലെ ഭിന്നത രൂക്ഷമായതോടെ കടുത്ത അച്ചടക്ക നടപടികളിലേക്ക് മമത കടന്നിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് മുതിർന്ന എം.എൽ.എമാരായ റിതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും കഴിഞ്ഞ ദിവസം തൃണമൂലിൽ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, തൃണമൂൽ കോൺഗ്രസിലെ ഈ വൻ പ്രതിസന്ധിയെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. "അമ്മായിയും അനന്തരവനും മാത്രമേ ഒടുവിൽ തൃണമൂൽ കോൺഗ്രസിൽ അവശേഷിക്കൂ" എന്നായിരുന്നു പ്രമുഖ ബി.ജെ.പി നേതാവും മന്ത്രിയുമായ ദിലിപ് ഘോഷിന്റെ പരിഹാസം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാൾ ഭരണകക്ഷിയിലുണ്ടായ ഈ പിളർപ്പ് ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.

Post a Comment

0 Comments