banner

പേടിച്ച് പാകിസ്ഥാൻ: സിന്ധു നദീജല കരാറിൽ നിന്നും പിൻമാറാനുള്ള ഇന്ത്യ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്, ഉന്നത ഉദ്യോഗസ്ഥർ ഉടൻ ഡാമുകൾ സന്ദർശിക്കും


ഡെൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാറിൽ നിന്നും പിൻമാറാനുള്ള ഇന്ത്യ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. കരാറുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ ഡാമുകൾ സന്ദർശിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും.

ഇതേസമയം, മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടത് സംബന്ധിച്ച് ഇന്ത്യക്കെതിരെ പാകിസ്ഥാൻ ലോക ബാങ്കിനെയും അന്തരാഷ്ട്ര തർക്ക പരിഹാര കോടതിയെയും സമീപിക്കുമെന്ന് പ്രഖ്യാപിച്ചു. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നടപടിയിൽ പേടിച്ച പാകിസ്ഥാൻ പ്രസ്താവനകൾ ഇറക്കി പ്രതിഷേധിക്കുകയാണ്. "ഓരോ തുള്ളി വെള്ളത്തിലും പാകിസ്ഥാന്റെ അവകാശമുണ്ട്, കരാർ ഏകപക്ഷീയമായി പിൻവലിക്കാനാകില്ല," എന്നു പാക് മന്ത്രി അഹമ്മദ് ഖാൻ ലഘാരി പ്രതികരിച്ചു. "ഇന്ത്യയുടെ വിശ്വാസ്യത ലോക രാഷ്ട്രങ്ങളുടെ മുന്നിൽ തകർന്നിരിക്കുകയാണ്," എന്നും അഹമ്മദ് ഖാൻ ആരോപിച്ചു.

ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലേക്ക് ഒരുതുള്ളി വെള്ളവും നൽകില്ലെന്നു ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. സിന്ധു നദീജല കരാർ മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ തുടർനടപടികൾ വിലയിരുത്തിയിരുന്നു. പാകിസ്ഥാനെ ജലം ലഭ്യമാക്കാതിരിക്കാൻ ഹൃസ്വകാലവും ദീർഘകാലവും ഉദ്ദേശിച്ച പദ്ധതികൾ ഇന്ത്യ തയ്യാറാക്കുകയാണ്.

പാകിസ്ഥാൻ തുടരുന്ന അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളാണ് കരാറിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണം എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചർച്ചാ തത്വങ്ങൾ പാലിക്കാൻ ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ നിരസിക്കുകയും കരാർ ലംഘിക്കുകയും ചെയ്തതായും ജലശക്തി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലവിതരണത്തെക്കുറിച്ച് നിർണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നതിലൂടെ, കരാറിൽ സൂചിപ്പിച്ചത് പ്രകാരമുള്ള എല്ലാ നടപടികളും നിർത്തി വയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയുടെ ജലം പാകിസ്ഥാനെ സംബന്ധിച്ചതും, കിഴക്കൻ നദികളായ സത്ലജ്, ബ്യാസ്, രവി എന്നിവയുടെ ജലം ഇന്ത്യയ്ക്ക് പൂർണമായും കൈമാറുന്നതുമാണ് കരാറിന്റെ പ്രധാന വ്യവസ്ഥകൾ.

പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികൾക്ക് കുറുകെയുള്ളതായ പദ്ധതികൾ നടപ്പാക്കാൻ കഴിയുകയുള്ളൂവെന്നും, ജലത്തിന്റെ ഒഴുക്ക് തടയാൻ പാടില്ലെന്നുമാണ് നിലവിലെ കരാർ വ്യവസ്ഥകൾ. കരാറിൽ നിന്നുള്ള പിൻമാറ്റത്തിലൂടെ ഇന്ത്യ ഈ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ നീങ്ങുകയാണ്.

Post a Comment

0 Comments