മുംബൈ : തെക്കൻ മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ വൻ തീപിടിത്തം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസർ-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്.
ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകൾ, ഫർണിച്ചറുകൾ, ഒട്ടേറെ രേഖകൾ ഉൾപ്പെടെ കത്തിനശിച്ചു. പ്രധാനപ്പെട്ട സർക്കാർ ഫയലുകൾക്കും തീപിടിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേൽക്കാത്തതാണ് ആശ്വാസം.
ആറ് നില കെട്ടിടത്തിന്റെ നാലാം നിലയിലുള്ള ഇഡി ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. ആദ്യം ചെറിയതുമായ തീപിടിത്തമായിരുന്നെങ്കിലും, പിന്നീട് ഫർണിച്ചറുകളിലേക്ക് തീ പടർന്ന് വ്യാപകമായി ആളിക്കത്തുകയായിരുന്നു. കെട്ടിടം മുഴുവൻ പുകയിലും തീപടര്ച്ചയിലും ആവൃതമായതോടെ തീയണച്ചത് ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് മുംബൈ അഗ്നിരക്ഷാസേനാ മേധാവി രവീന്ദ്ര അംബുൽഗേങ്കർ പറഞ്ഞു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചതെന്ന് അദ്ദേഹം അറിയിച്ചു. 12 ഫയർ എഞ്ചിനുകളും ഏഴ് ജംബോ ടാങ്കറുകളും ഒരു ഏരിയൽ വാട്ടർ ടവർ ടെൻഡറും ഉൾപ്പെടെ വൻ സംഘമാണ് തീയണയ്ക്കാൻ രംഗത്തുണ്ടായിരുന്നത്.
തീപിടിത്തത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാസേനയുടെ വിദഗ്ധ സംഘം അന്വേഷണം തുടരുകയാണെന്നും രവീന്ദ്ര അംബുൾഗേക്കർ വ്യക്തമാക്കി.
0 Comments