അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ കന്നുകുട്ടി വളർത്തൽ പദ്ധതിയുടെ മറവിൽ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് വഴിവിട്ട സഹായം നൽകുന്നതായി ആക്ഷേപം. അർഹരായ ഗുണഭോക്താക്കളെ തഴഞ്ഞ് സ്വന്തക്കാരെ തിരുകിക്കയറ്റുന്ന പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിയിൽ ഉൾപ്പെട്ട 16-ാം വാർഡ് ജയന്തി കോളനിയിലെ 58-കാരിയായ രമണിയാണ് അധികൃതരുടെ പക്ഷപാതപരമായ നിലപാടിനെതിരെ മകൻ സാബു മുഖേന പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.
"ദിവസവേതനത്തിന് ജോലിക്ക് പോയി കിട്ടുന്ന തുക തികയാതെ വന്നപ്പോൾ ഉയർന്ന പലിശയ്ക്ക് കടമെടുത്താണ് 8,660 രൂപ പഞ്ചായത്തിൽ അടച്ചത്" എന്ന് പരാതിയിൽ രമണി ചൂണ്ടിക്കാട്ടുന്നു. കന്നുകുട്ടിയെ വളർത്തി കടം വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു ഈ കുടുംബം. എന്നാൽ പണമടച്ച് നാല് മാസങ്ങൾ പിന്നിട്ടിട്ടും ആനുകൂല്യം ലഭിക്കാതെ വന്നതോടെ വിവരമറിയാൻ എത്തിയ ബന്ധുവിനോട് "പദ്ധതി ഉപേക്ഷിച്ചുവെന്നും തുക പഞ്ചായത്തിലേക്ക് തിരിച്ചടച്ചു" എന്നുമാണ് പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥനായ വെറ്ററിനറി ഡോക്ടർ വാമൊഴിയായി പറഞ്ഞത്. ഈ മറുപടി വസ്തുതാവിരുദ്ധമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
"എനിക്ക് ശേഷം പണമടച്ചവരും രാഷ്ട്രീയ സ്വാധീനമുള്ളവരുമായ വ്യക്തികൾക്ക് ഇതേ പദ്ധതി പ്രകാരം കന്നുകുട്ടികളെ വിതരണം ചെയ്തിട്ടുണ്ട്" എന്നാണ് രമണിയുടെ പരാതിയിലെ പ്രധാന ആക്ഷേപം. പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ഗുണഭോക്താക്കളെ തെറ്റായ വിവരം നൽകി മടക്കി അയച്ച് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങുന്ന അധികൃതരുടെ നടപടി ഗുരുതരമായ അധികാര ദുർവിനിയോഗമാണെന്നും പരാതിയിൽ പറയുന്നു. കേൾവിപരിമിതിയുള്ള തന്നോട് കാട്ടിയ ഈ അനീതിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഈ കുടുംബത്തിന്റെ തീരുമാനം.

1 Comments
അഴിമതിയുടെനിറഞ്ഞാട്ടമല്ലേ തൃക്കരുവയിൽ കുറേക്കാലമായി.. ഇതൊക്കെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ ഇവിടെ?..
ReplyDelete