banner

‘തൃണമൂൽ തോറ്റിട്ടില്ല, മുഖ്യമന്ത്രി പദം രാജിവെക്കില്ല’: നാടകീയ പ്രഖ്യാപനവുമായി മമതാ ബാനർജി

കൊൽക്കത്ത : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് മമത ബാനർജി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് യഥാർത്ഥത്തിൽ തോറ്റിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച് കൊള്ളയടിച്ച് നേടിയ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും മമത ആരോപിച്ചു. താൻ തോൽക്കാത്തതിനാൽ രാജ്ഭവനിൽ പോയി രാജി നൽകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ അവർ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി മുൻവിധിയോടെയാണ് പ്രവർത്തിച്ചതെന്നും ലോകത്തിന് തെറ്റായ സന്ദേശമാണ് ഇത് നൽകുന്നതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃണമൂലിന്റെ യഥാർത്ഥ എതിരാളി ബിജെപി ആയിരുന്നില്ലെന്നും മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നുവെന്നും രൂക്ഷമായ ഭാഷയിൽ അവർ വിമർശിച്ചു. മഹാരാഷ്ട്ര, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ ബിജെപി നടത്തിയത് പോലെ തെരഞ്ഞെടുപ്പ് കൊള്ളയാണ് ബംഗാളിലും സംഭവിച്ചതെന്ന് മമത കുറ്റപ്പെടുത്തി. പോളിങ് ബൂത്തിൽ വെച്ച് തനിക്ക് നേരെ ശാരീരിക ആക്രമണം ഉണ്ടായെന്നും വയറിലും പുറത്തും ചവിട്ടേറ്റെന്നും ആരോപിച്ച മമത, ആ സമയം സിസിടിവി ഓഫ് ചെയ്തിരുന്നുവെന്നും തന്നെ കൗണ്ടിങ് സ്റ്റേഷന് പുറത്തേക്ക് തള്ളിയിറക്കിയെന്നും പറഞ്ഞു.

ഒരു സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ മോശമായി പെരുമാറിയ കേന്ദ്ര സേനയുടെ നടപടിയെ അവർ അപലപിച്ചു. 15 വർഷം നീണ്ട തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 293 സീറ്റുകളിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി ബംഗാളിൽ കേവല ഭൂരിപക്ഷം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 216 സീറ്റുകൾ നേടിയ തൃണമൂലിന് ഇത്തവണ 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതിനുപുറമെ, സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ മുൻ സഹപ്രവർത്തകനും ബിജെപി നേതാവുമായ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടത് പാർട്ടിക്കേറ്റ വലിയ തിരിച്ചടിയായി. കേന്ദ്രത്തിൽ മുൻപും ബിജെപി സർക്കാരുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായാണെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

Post a Comment

0 Comments