ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; നാല് പേർ ചികിത്സയിൽ
SPECIAL CORRESPONDENTThursday, February 06, 2025
സ്വന്തം ലേഖകൻ
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡിഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹോട്ടലിലെ ചില്ലുകളടക്കം പൊട്ടുകയും പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച സുമിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചൂട് വെള്ളം വീണ് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. അതീവഗുരുതരമായ സാഹചര്യത്തിലാണ് സുമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹോട്ടലിനുള്ളിലെ പൊട്ടിത്തെറിച്ച സ്റ്റീമർ
അടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. എന്നാല്‍, സമീപത്തെ കടയിലേക്ക് തീ പടരുകയോ മറ്റാളുകള്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ സമീപത്തെ കടകള്‍ അടച്ചിട്ടുണ്ട്.
0 Comments