കൊല്ലം : കടയ്ക്കലിൽ കിഴക്കൻ മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. 2025 ജൂൺ 30-ന് രാവിലെ, തിരുവനന്തപുരം നേമത്തുനിന്ന് ഓട്ടോയിൽ കൊണ്ടുവന്ന ഇറച്ചിയാണ് കുമ്മിൾ ടൗണിന് സമീപം പിടികൂടിയത്. കുമ്മിളിൽ വച്ച് നാട്ടുകാരാണ് ഓട്ടോ തടഞ്ഞത്.
ഓട്ടോയിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ പഴകിയ കോഴിയിറച്ചി കണ്ടെത്തി. തുടർന്ന് കടയ്ക്കൽ പോലീസിനെയും കുമ്മിൾ പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു. പോലീസ്, പഞ്ചായത്ത്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ ദിവസങ്ങൾ പഴകിയ മാംസമാണെന്ന് സ്ഥിരീകരിച്ചു.
ഓട്ടോ ഡ്രൈവർ തിരുവല്ലം സ്വദേശി സുരേഷ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രേഖകളൊന്നും ഇല്ലാതിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും പഴകിയ ഭക്ഷണം വിൽക്കാൻ ശ്രമിച്ചതിനും കേസെടുത്തേക്കും.
0 Comments