കോട്ടയം : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന ആർടിഒ എൻഫോഴ്സ്മെന്റ് എഎംവിഐ എസ്. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ സ്വദേശിയായ ഗണേഷ് കുമാറിന് ഗുരുവായൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകയിലെ ഓഫിസിൽ സഹപ്രവർത്തകർ അദ്ദേഹത്തിനായി യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഗണേഷ് കുമാർ പരിപാടിയിലേക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
അസുഖങ്ങളുള്ള വ്യക്തിയായിരുന്നു ഗണേഷ് കുമാർ. മുമ്പും തളർന്ന് വീണിട്ടുണ്ടെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും മരണ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാകൂവെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭാര്യ: ജൂണ (കോട്ടയം ജനറൽ ആശുപത്രിയിലെ നഴ്‌സ്). മകൻ: ആഷോ ഗണേഷ് കുമാർ (കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി). സംസ്‌കാരം പിന്നീട്.

 
 
 
 
 
 
 
 
 
 
0 Comments