കോഴിക്കോട് : തിരുവമ്പാടി ആനക്കാംപൊയിലില്‍ വയോധികയുടെ മൃതദേഹം കഴുത്ത് മുറിച്ചും കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്.
ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ(72)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കണ്ടെത്തിയത്. തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന തരത്തില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കഴുത്തിലും കൈയ്യിലും മുറിവുകളുണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ച നിലയിലാണ്.
അതേസമയം ഇവര്‍ ആസിഡ് കഴിച്ചിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി റോസമ്മയെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ മുറിയില്‍ രക്തം കാണുകയായിരുന്നു.
ഇതോടെ വീടും പരിസരവും പരിശോധിച്ചപ്പോഴാണ് തൊഴുത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. അപ്രതീക്ഷിതമായെത്തിയ മരണ വാര്‍ത്തയില്‍ നാടൊന്നാകെ ഞെട്ടലിലാണ്.
അതേസമയം മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ തിരുവമ്പാടി പോലീസിനൊപ്പം ഫിംഗര്‍പ്രിന്റ് അധികൃതരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പാെലീസ് അറിയിച്ചു.
0 Comments