ന്യൂഡൽഹി : മഴ പെയ്തപ്പോൾ പുറത്തു കളിക്കാൻ പോകണമെന്ന് വാശിപിടിച്ച 10 വയസുകാരനെ പിതാവ് കുത്തിക്കൊന്നു.ഡൽഹിയിലെ സാഗർപ്പൂരിൽ ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കേസെടുത്ത പൊലീസ് പ്രതിയായ റോയിയെ (40) അറസ്റ്റു ചെയ്തു.
മഴയത്ത് പുറത്ത് പോകരുതെന്ന് പറഞ്ഞിട്ടും കേൾക്കാത്തതിനെത്തുടർന്ന് കലി കയറിയ പിതാവ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുട്ടിയുടെ ഇടതു നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ മകനെ അച്ഛൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുത്തേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരാണ് പൊലീസിനെ അറിയിച്ചത്.കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തിയിരുന്ന പ്രതി തന്റെ നാല് കുട്ടികളോടൊപ്പം ഒറ്റമുറിയുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ഭാര്യയുടെ മരണം. മരിച്ച കുട്ടി നാല് സഹോദരങ്ങളിൽ മൂന്നാമനായിരുന്നു.
0 Comments