കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശിയായ വിഷ്ണുവും ഭാര്യ രശ്മിയുമാണ് മരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് മരുന്നു കുത്തി വച്ച നിലയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് മരിച്ച രശ്മി. ഇന്ന് ജോലിക്ക് എത്താതിരുന്നതോടെ ആശുപത്രിയിൽ നിന്നും അന്വേഷിച്ചു. ഈ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയിൽ സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിവെച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് പനക്കപ്പാലത്ത് ഇവർ വീട് വാടകയ്ക്ക് എടുത്തത്. രാമപുരം സ്വദേശിയായ വിഷ്ണു കോൺട്രാക്ടുകൾ എടുത്ത് ചെയ്യുന്ന വ്യക്തിയാണ്. സാമ്പത്തിക പ്രയാസങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഷ്ണു കെട്ടിട നിർമ്മാണ കരാർ ജോലികൾ ചെയ്ത് വരികയായിരുന്നു.
ഇന്ന് (ജൂൺ 30, തിങ്കൾ) രാവിലെ വിഷ്ണുവിന്റെ അമ്മ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നുവെങ്കിലും, ദമ്പതികൾ ഉണ്ടായിരുന്ന കിടപ്പുമുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
ആറുമാസം മുൻപാണ് ദമ്പതികൾ പനയ്ക്കപ്പാലത്ത് താമസം ആരംഭിച്ചത്. സംഭവമറിഞ്ഞ് കോട്ടയത്തുനിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
0 Comments