banner

തൃക്കരുവ മിനി സ്റ്റേഡിയം ഡിസംബർ മുതൽ അടഞ്ഞുതന്നെ...!, കുട്ടികൾക്ക് നാട്ടിൽ കളിക്കാനിടമില്ല; ഒന്നരക്കോടിയോളം രൂപയുടെ അഴിമതി മറയ്ക്കാൻ ഒരു കോടിയുടെ വികസനം?...; പണം പ്രാദേശിക നേതാക്കളുടെ പോക്കറ്റിൽ വീഴുന്നെന്ന് ജനസംസാരം - അഷ്ടമുടി ലൈവ് അന്വേഷണം 'ഇത്തവണയും മുക്കുമോ'


അഞ്ചാലുംമൂട് : ഒരുകോടിയുടെ നവീകരണത്തിനായി തൃക്കരുവ മിനി സ്റ്റേഡിയം അടച്ചിട്ട് മാസങ്ങൾ പിന്നിടുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ കാര്യമായ പുരോഗതി കൈവരിക്കാതെ വൈകുകയാണ്. മൾട്ടി കോർട്ട് സംവിധാനത്തോടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്കായി എറണാകുളം ആസ്ഥാനമായ കരാർ കമ്പനി സ്റ്റേഡിയം ഏറ്റെടുത്തതോടെയാണ് 2024 ഡിസംബർ മുതൽ സ്റ്റേഡിയം അടച്ചിട്ടിരിക്കുന്നത്. ഇതോടെ സ്റ്റേഡിയം കുട്ടികൾക്കും യുവാക്കൾക്കും കായിക പരിശീലനത്തിനും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. അവധിക്കാലത്ത് വിദ്യാർത്ഥികളും യുവാക്കളും കളിക്കാൻ ആശ്രയിച്ചിരുന്ന പ്രാക്കുളം എൻ.എസ്.എസ്. സ്കൂൾ ഗ്രൗണ്ടും നേരത്തെ സ്കൂൾ അധികൃതർ അടച്ചിരുന്നു. ഇതെല്ലാം കുട്ടികളെ കായിക പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി ലഹരി ഉപയോഗത്തിലേക്ക് തിരിയാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പ്രദേശവാസികൾ ആശങ്കപ്പെടുന്നു. ഈ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അഷ്ടമുടി ലൈവിന്റെ അന്വേഷണ പരമ്പര ഇവിടെ ആരംഭിക്കുന്നു 'ഇത്തവണയും മുക്കുമോ'.

നേരത്തെ നടത്തിയ ഒന്നരക്കോടിയോളം രൂപയുടെ മിഡിൽ സ്റ്റേഡിയം നിർമ്മാണം അഴിമതിയാണെന്ന് പരക്കെ ആരോപണം ഉയർന്നിരുന്നു. ഇതു മറക്കാനാണ് നിലവിൽ സ്പോർട്ട്സ് കൗൺസിലിന്റെ 50 ലക്ഷം രൂപയും എം.എൽ.എ എം. മുകേഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് പൊതുവേയുള്ള ആക്ഷേപം. ഈ പണവും നേതാക്കളുടെ പോക്കറ്റിലേക്ക് വീഴുമോ എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്. പ്രാദേശിക നേതാക്കൾ പലരും ഇടപെട്ട് നിൽക്കുന്നതിലും ജനങ്ങൾക്ക് പലവിധത്തിലുള്ള സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഗ്രൗണ്ടിന് വശങ്ങളിൽ ഓട നിർമ്മിക്കുന്നതും ഫ്ലഡ് ലൈറ്റിനുള്ള വൈദ്യുതീകരണവും പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തത്. സ്പോർട്ട്സ് കൗൺസിൽ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർമ്മാണം വെള്ളക്കെട്ട് തടയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാൽ നിർമാണ പ്രവൃത്തികൾ പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും മാസങ്ങൾ പിന്നിട്ടിട്ടും ഇവ പൂർത്തീകരണത്തിലേക്ക് എത്തുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

അതേ സമയം, 1988ലാണ് മണ്ണൂർചിറയിൽ പഞ്ചായത്ത് സ്ഥലം വാങ്ങി മിനി സ്റ്റേഡിയം നിർമ്മിക്കാൻ പദ്ധതിയിടുന്നത്. എന്നാൽ മാറി വന്ന ഭരണസമിതികൾ വേണ്ടത്ര ഗൗരവം കായിക മേഖലയ്ക്ക് നൽകിയില്ല. തുടർന്ന് സ്‌റ്റേഡിയം നവീകരിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർ എം.മുകേഷ് എം.എൽ.എയെ സമീപിച്ചു. പിന്നാലെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.40 കോടി രൂപ അനുവദിച്ച് ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി 2021ൽ സ്റ്റേഡിയം നവീകരിക്കുകയായിരുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയം, ഡ്രസിംഗ് റൂം, ഗാലറി, കമ്പി ഉപയോഗിച്ചുള്ള ചുറ്റുവേലി, ഹൈമാസ്റ്റ് ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിച്ചെങ്കിലും വേണ്ടരീതിയിൽ പരിപാലനം ലഭിക്കാതായതോടെ സ്‌റ്റേഡിയത്തിലെ ഉപകരണങ്ങൾ നശിക്കുകയും അശാസ്ത്രീയമായ ഗ്രൗണ്ട് നിർമ്മാണം കാരണമായി ഇവിടേക്ക് കളിക്കാൻ ആളുകൾ എത്തുന്നത് കുറവായിരുന്നു. വർഷങ്ങൾക്ക് ശേഷം ഗ്രൗണ്ട് സ്വയം മെച്ചപ്പെട്ടപ്പോൾ ആളുകൾ എത്തിത്തുടങ്ങിയെങ്കിലും ഇപ്പോൾ നവീകരണത്തിനായി അടച്ചതോടെ പഴയതുപോലെ ഗ്രൗണ്ട് നാശമാകുമോ എന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി സ്റ്റേഡിയം തുറക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

വിദ്യാർത്ഥികൾക്കായി വലവിരിച്ച് ലഹരി സംഘങ്ങൾ സജീവം: 
തൃക്കരുവ, പനയം, കാഞ്ഞാവെളി, പ്രാക്കുളം തുടങ്ങിയ ഗ്രാമീണ മേഖലകളിൽ പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധന കുറഞ്ഞതോടെ ലഹരി സംഘങ്ങൾ വീണ്ടും സജീവമാകുന്നുവെന്ന നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരം സംഘങ്ങൾ വിദ്യാർത്ഥികളെയും ലക്ഷ്യം വെക്കുന്നുണ്ട്. യുവാക്കൾക്ക് ഉൾപ്പെടെ സ്റ്റേഡിയം അടഞ്ഞതോടെ, കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ നഷ്ടമായി, വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് അവധിക്കാലത്ത്. ഇത് ലഹരി സംഘങ്ങളുടെ വലയിലേക്ക് ആകർഷിക്കപ്പെടാനും ഒഴിവുസമയം വിനോദം തേടുമ്പോൾ ലഹരി വസ്തുക്കൾ വിൽക്കുന്നവർക്ക് ലക്ഷ്യമാകാനുമുള്ള സാധ്യതയുണ്ടാക്കുന്നതായും പ്രദേശവാസികൾക്ക് ആശങ്കയുണ്ട്.

അഴിമതി ആരോപണങ്ങളിൽ രാഷ്ട്രീയകക്ഷികൾ കൈകോർത്ത്:
ഇതിപ്പോൾ രണ്ടാം തവണയാണ് വികസനം എന്ന പേരിൽ കോടികൾ തൃക്കരുവ മിനി സ്റ്റേഡിയത്തിനായി ചിലവിടുന്നത്. ആദ്യതവണ അശാസ്ത്രീയമായ നിർമ്മാണം ആയതിനാലാണ് വീണ്ടും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആവശ്യമായി വന്നത്. ഇതോടെ അഷ്ടമുടി ലൈവ് ഉന്നയിച്ചതായ അഴിമതി ആരോപണം വ്യക്തമാവുകയാണ്. അന്ന് രാഷ്ട്രീയ പാർട്ടികൾ ആദ്യം രംഗത്ത് വന്നെങ്കിലും ചില താല്പര്യങ്ങൾക്ക് വഴങ്ങി അവരും പിന്മാറുന്ന കാഴ്ചയാണ് പിന്നീട് കാണേണ്ടി വന്നത്. തൃക്കരുവയിലെ നിർമ്മാണ കാലഘട്ടത്തിലെ ഇടതു ഭരണസമിതിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായിട്ട് പോലും പിന്നാലെ വന്ന കോൺഗ്രസ് ഭരണസമിതി വിഷയം ഗൗരവമായി പോലും എടുത്തില്ല. അഷ്ടമുടി ലൈവ് വാർത്ത നിരന്തരം നൽകിയതോടെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് സരസ്വതി രാമചന്ദ്രൻ അറിയിച്ചെങ്കിലും ഇതും പാഴ് വാക്കായി. അഴിമതി ആരോപണങ്ങളിൽ രാഷ്ട്രീയകക്ഷികൾ കൈകോർത്ത് പ്രവർത്തിക്കുന്നതിൽ ജനങ്ങളും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

തുടരും.....

Post a Comment

0 Comments