മലപ്പുറം : മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരെ സിപിഎം വണ്ടൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യങ്ങൾ ഉയർത്തിയ സംഭവത്തിനെതിരെ ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (ഐഎഫ്ഡബ്ല്യുജെ) കേരള ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുൻ എംഎൽഎ എൻ. കണ്ണന്റെ നിയമസഭാ പ്രസംഗവുമായി ബന്ധപ്പെട്ട് മീഡിയവൺ നടത്തിയ വാർത്താ റിപ്പോർട്ടിനെതിരെ നടന്ന പ്രകടനത്തിനിടെ ‘ഇല്ലാത്ത കഥകൾ പറഞ്ഞ് പ്രസ്ഥാനത്തിനെതിരെ വന്നാൽ ആ കൈകൾ വെട്ടിമാറ്റും’ എന്ന ഭീഷണി മുദ്രാവാക്യമാണ് ഉയർത്തിയത്.
ഈ സംഭവത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ കടന്നുകയറ്റമായി ഐഎഫ്ഡബ്ല്യുജെ കേരള ഘടകം പ്രസിഡന്റ് എ.പി. ജിനൻ, ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബുദുഷ, ട്രഷറർ എ. അബൂബക്കർ എന്നിവർ വിശേഷിപ്പിച്ചു. “മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരം ഭീഷണികൾ ഉയർത്തുന്നത് ജനാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ഇത്തരം ഭീഷണികൾ ക്രിമിനൽ കുറ്റമാണ്. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണം. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്,” ഐഎഫ്ഡബ്ല്യുജെ നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി. “മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നെടുംതൂണാണ്. അതിനെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും,” അവർ കൂട്ടിച്ചേർത്തു.
വേണ്ടിവന്നാൽ ഈ മാധ്യമ വിരുദ്ധ നടപടിക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഐഎഫ്ഡബ്ല്യുജെ അറിയിച്ചു. മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്കും ഭീഷണികൾക്കും എതിരെ ശക്തമായ നിയമനടപടികൾ ആവശ്യപ്പെട്ട സംഘടന, മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
“ഞങ്ങളുടെ പോരാട്ടം മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമല്ല, ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി കൂടിയാണ്,” ഐഎഫ്ഡബ്ല്യുജെ നേതാക്കൾ ഊന്നിപ്പറഞ്ഞു.
0 Comments