banner

മാധ്യമ പ്രവർത്തകനെന്ന വ്യാജേന ആദ്യ വാർത്താ സമ്മേളനത്തിൽ കയറിപ്പറ്റി...!, ആവശ്യപ്പെട്ടത് തൻ്റെ പരാതികളിൽ നടപടി സ്വീകരിക്കണമെന്ന്; പോലീസ് മേധാവിയായി റവാദ ചന്ദ്രശേഖര്‍ തലസ്ഥാനത്ത് ചാർജ്ജെടുത്തു, എഡിജിപി എച്ച്‌ വെങ്കിടേഷ് ബാറ്റണ്‍ കൈമാറി

തിരുവനന്തപുരം : സംസ്ഥാന പൊലിസ് മേധാവിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പരാതിക്കാരനായ ഒരു വ്യക്തി മാധ്യമപ്രവർത്തകനെന്ന പേരിൽ ഡിജിപിയുടെ അരികിലെത്തി തൻ്റെ പരാതിയിൽ നടപടിയാവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാ‍ദ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി.

ഈ പരാതിക്കാരൻ ആരാണെന്നോ, എന്തായിരുന്നു ഇദ്ദേഹത്തിൻ്റെ ആവശ്യമെന്നോ വ്യക്തമായിട്ടില്ല. വാർത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിൻ്റെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല. പരാതി പരിശോധിക്കാമെന്നാണ് വാർത്താസമ്മേളനത്തിനിടെ റവാ‍ഡ ചന്ദ്രശേഖർ ഇദ്ദേഹത്തിന് മറുപടി നൽകിയത്. പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി പറഞ്ഞുകൊണ്ടിരിക്കെയാണ് പരാതിക്കാരൻ വാർത്താസമ്മേളനം നടന്ന ഹാളിലേക്ക് രംഗപ്രവേശം ചെയ്തത്.

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ എ. ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴുമണിക്ക് നടന്ന ചടങ്ങില്‍ എഡിജിപി എച്ച്‌ വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. ശേഷം ധീരസ്‌മൃതി ഭൂമിയിലെത്തി പുഷ്‌പച്ചക്രം സമർപ്പിച്ചു. തുടർന്ന് ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. സംസ്ഥാന പൊലിസ് മേധാവിയാകാൻ അവസരം നൽകിയതിന് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞുകൊണ്ടാണ് റവാ‍ദ ചന്ദ്രശേഖർ സംസാരിച്ചത്. ലഹരിവ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കുമെന്നും ഗുണ്ടകളെ നേരിടുന്ന പ്രവൃത്തികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ നടപടിയുണ്ടാകും. സൈബർ സുരക്ഷയിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊതുജനങ്ങൾക്ക് നീതി കിട്ടാനുള്ള ശ്രമം ഉണ്ടാകും. സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ശേഷം, രാവിലെ പത്തിന് കണ്ണൂരില്‍ മുഖ്യമന്ത്രി നടത്തുന്ന അവലോകന യോഗത്തില്‍ റവാദ പങ്കെടുത്തു. പൊലീസ് മേധാവിയായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന റവാദ എ. ചന്ദ്രശേഖറെ കഴിഞ്ഞദിവസമാണ് സർക്കാർ നിയമിച്ചത്. 1991 ബാച്ച്‌ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. നിയമനത്തിന് യു.പി.എസ്.സി നല്‍കിയ മൂന്നംഗ പട്ടികയിലെ രണ്ടാമനാണ് റവാ‌ഡ.

നിയമന ഉത്തരവ് ഇന്നലെത്തന്നെ ചീഫ്സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയതിനെത്തുടർന്ന് വൈകിട്ടോടെ റവാഡയെ കേന്ദ്രസർവീസില്‍ നിന്ന് വിടുതല്‍ ചെയ്തിരുന്നു. 2026 ജൂലായ് വരെയാണ് റവാദയ്ക്ക് സർവീസുള്ളത്. എന്നാല്‍, പൊലീസ് മേധാവിക്ക് രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍ ഒരുവർഷം നീട്ടിക്കിട്ടും. സ്ഥാനമൊഴിഞ്ഞ ഷേഖ് ദർവേഷ് സാഹിബിന് പകരക്കാരനായാണ് റവാഡ ചുമതലയേറ്റത്.

തലശേരിയില്‍ അഡി.എസ്.പിയായാണ് റവാദ സർവീസ് ആരംഭിച്ചത്. പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറല്‍, റെയില്‍വേ, വിജിലൻസ്, എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിയായും കെ.എ.പി രണ്ടാം ബറ്റാലിയൻ, മൂന്നാം ബറ്റാലിയൻ കമൻഡാന്റായും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ ഭാഗമായി ബോസ്‌നിയയില്‍ പ്രവർത്തിച്ചു.

തിരുവനന്തപുരം, കൊച്ചി കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം റേഞ്ചുകളില്‍ ഡി.ഐ.ജിയായിരുന്നു. ക്രൈം റെക്കാഡ്സ് ബ്യൂറോ ഐ.ജിയായിരിക്കെയാണ് കേന്ദ്രത്തില്‍ എത്തിയത്. ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനത്തും ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഐ.ബിയില്‍ അഡി.ഡയറക്ടറായി. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി രാജമുന്ദ്രി സ്വദേശിയാണ്. ഭാര്യ: സരിത. രണ്ടു മക്കളുണ്ട്.

Post a Comment

0 Comments