കൊല്ലം : ഷാർജ അൽ നഹ്ദയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ (32) മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്ന് ബന്ധുക്കൾ പ്രതീക്ഷിക്കുന്നു. ഷാർജ ഫൊറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അന്വേഷണ വിഭാഗത്തിന്റെ അന്തിമാനുമതി ആവശ്യമായിരുന്നു. എന്നാൽ, ഇതിനാവശ്യമായ രേഖകൾ കുടുംബത്തിന് ലഭിക്കാത്തതിനാൽ അനിശ്ചിതത്വം നിലനിന്നിരുന്നു. തിങ്കളാഴ്ചയോടെ നടപടികൾ പൂർത്തിയാകുമെന്ന സൂചന ലഭിച്ചതോടെയാണ് ചൊവ്വാഴ്ച മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ ബന്ധുക്കൾ പങ്കുവെച്ചത്.
അതേസമയം, വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ദുബായിൽ നടന്നു. ദുബായിൽ ചടങ്ങുകൾ നടത്തുന്ന കാര്യത്തിൽ വിപഞ്ചികയുടെ ഭർത്താവ് നിതീഷും അമ്മയുടെ ബന്ധുക്കളും ഒത്തുതീർപ്പിലെത്തിയതോടെയാണ് മോർച്ചറിയുടെ തണുപ്പിൽ 9 ദിവസം കാത്തുകിടന്ന വൈഭവിയുടെ സംസ്കാരം കഴിഞ്ഞ ദിവസം സാധ്യമായത്. വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ സംസ്കരിക്കാനും മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കാനും ധാരണയായെന്ന് ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട കേസും കോടതി തീർപ്പാക്കിയിരുന്നു. കഴിഞ്ഞ 9നാണ് ഷാർജയിലെ ഫ്ലാറ്റ് മുറിയിൽ വിപഞ്ചിക മകൾ വൈഭവി എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ പീഡനമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി അമ്മ നൽകിയ പരാതിയിൽ നിതീഷ് മോഹനെയും കുടുംബാംഗങ്ങളെയും പ്രതിചേർത്ത് കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്.
0 Comments