ന്യൂഡൽഹി : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി എത്തി. അമേരിക്കയുടെ അധിക തീരുവയ്ക്കിടെയാണ് ജപ്പാനും ചൈനയും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ജപ്പാനിലെ ടോക്കിയോയിൽ പ്രധാനമന്ത്രി വിമാനമിറങ്ങി. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകളിലും ഷാങ്ഹായി ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് എന്നിവർ ഒത്തുകൂടുന്ന ഉച്ചകോടി ആയതിനാൽ തന്നെ അതീവ രാഷ്ട്രീയ പ്രാധാന്യമാണ് ഷാങ്ഹായി ഉച്ചകോടിക്കുള്ളത്.
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെയാണ് മോദിയുടെ വിദേശ സന്ദർശനം. ജപ്പാനിൽ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി വാർഷിക ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ചൈനയിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. ‘പ്രധാനമന്ത്രി മോദി 29, 30 തീയതികളിൽ ജപ്പാൻ സന്ദർശിക്കും. ജപ്പാനിൽ ഷിഗേരു ഇഷിബയുമായി പതിനഞ്ചാമത് ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും.’ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളോട് പറഞ്ഞു.
ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് പ്രധാനമന്ത്രി മോദി ചൈനയിലെത്തുക. ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) 25-ാമത് കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് സ്റ്റേറ്റ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക, പ്രതിരോധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനും ചർച്ചകളുണ്ടാകും. ഷാങ്ഹായ് ഉച്ചകോടിയിൽ അംഗരാജ്യങ്ങളുമായി പ്രാദേശിക വിഷയങ്ങളിൽ പ്രധാനമന്ത്രി സംവദിക്കും.
ഇന്ത്യയും ജപ്പാനും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. ഈ ഉച്ചകോടിയിൽ പുതിയ പല കരാറുകളും ഒപ്പിടാൻ സാധ്യതയുണ്ട്. ഇത് ഇരു രാജ്യങ്ങൾക്കും ഗുണകരമാകും. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും എസ്സിഒ ഉച്ചകോടി സഹായിക്കും. അതിർത്തിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാധ്യതയുണ്ട്.
0 Comments