banner

ഡോ. വന്ദനാ ദാസ് കൊലക്കേസ്: സാക്ഷി വിസ്താരം പുനരാരംഭിച്ചു


കൊല്ലം : കൊട്ടാരക്കര ഗവൺമെന്റ് ആശുപത്രിയിൽ ഡോ. വന്ദനാ ദാസ് നിഷ്ഠൂരമായി കൊല്ലപ്പെട്ട കേസിൽ സാക്ഷി വിസ്താരം കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദിന്റെ മുമ്പാകെ ചൊവ്വാഴ്ച പുനരാരംഭിച്ചു. കേസിലെ രണ്ടാം സാക്ഷിയും പ്രതിയുടെ സമീപവാസിയുമായ ബിനുവിന്റെ വിസ്താരം പൂർത്തിയായി.

പ്രതിയായ കുടവട്ടൂർ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പോലീസ് കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോൾ താനും ഒപ്പമുണ്ടായിരുന്നുവെന്ന് ബിനു മൊഴി നൽകി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്ന് സാക്ഷി അറിയിച്ചിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ ഈ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കാൻ അനുമതി തേടി, തുടർന്ന് സാക്ഷി ഉൾപ്പെട്ട ദൃശ്യങ്ങൾ കോടതിയിൽ തിരിച്ചറിഞ്ഞു. 

കൂടാതെ, സംഭവത്തിന്റെ തലേ ദിവസം രാത്രി പ്രതിയെ വീടിന് സമീപം കണ്ടിരുന്നതായും, മൊബൈൽ ഫോൺ വീട്ടിൽ കാണാതായെന്ന് പറഞ്ഞ് പ്രതി ബഹളം വച്ചിരുന്നതായും ബിനു കോടതിയിൽ മൊഴി നൽകി. കേസിലെ മൂന്നാം സാക്ഷിയായ ഹോം ഗാർഡ് അലക്സ് കുട്ടിയുടെ വിസ്താരം ബുധനാഴ്ച നടക്കും.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ കോടതിയിൽ ഹാജരാകുന്നു.

Post a Comment

0 Comments