കൊല്ലം : ജില്ലാ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ-യുടെ 'ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമായുള്ള പൊതിച്ചോർ വിതരണം ഓഗസ്റ്റ് 17-ന് മുടങ്ങിയതിനെ തുടർന്ന് നിരവധി രോഗികളും കൂട്ടിരിപ്പുകാരും പട്ടിണിയിലായി. ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ ഭക്ഷണം ലഭിക്കാനായി ക്യൂവിൽ നിന്നവരോട് 2 മണി കഴിഞ്ഞപ്പോൾ പൊതിച്ചോർ ലഭിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഞായറാഴ്ചയായതിനാൽ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലുകൾ പലതും തുറക്കാത്തനിനാൽ ഭക്ഷണം ലഭിക്കാതെ നിരവധി പേർ ബുദ്ധിമുട്ടിലായി. ഇളമ്പള്ളൂർ മേഖലാ കമ്മിറ്റിക്കായിരുന്നു വിതരണ ചുമതല. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിവിധ പരിപാടികൾക്കായി കൊല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും വിതരണം ഉറപ്പാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇദ്ദേഹം തന്നെ പങ്കെടുത്ത മീറ്റിംഗിൽ വിഷയം ഉന്നയിക്കപ്പെട്ടതായി വിവരമുണ്ട്.
ചിങ്ങം ഒന്നിന്റെ ദിവസം പട്ടിണിയിലായതിൽ രോഗികളും കൂട്ടിരിപ്പുകാരും നിരാശ പ്രകടിപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഹോട്ടലുകളിൽ നിന്ന് ഭക്ഷണപ്പൊതികൾ വാങ്ങി എത്തിച്ചെങ്കിലും അപ്പോഴേക്കും ക്യൂവിൽ നിന്ന പകുതിയിലധികം പേർ പോയിരുന്നു. അതേ സമയം, വിതരണം തടസ്സപ്പെടുത്തിയതിൽ വന്ന നഷ്ടത്തിന് ഇളമ്പള്ളൂർ മേഖലാ കമ്മിറ്റിയോട് പതിനായിരം രൂപ ജില്ലാ കമ്മിറ്റിയിലേക്ക് അടയ്ക്കാൻ ആവശ്യപ്പെട്ടതായി വിവരമുണ്ട്.
0 Comments