banner

കൊല്ലത്ത് വനിതാ പോലീസുദ്യോഗസ്ഥർക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി

കൊല്ലം : കൊല്ലം സിറ്റി പോലീസ് ജില്ലയിലെ വനിതാ പോലീസുദ്യോഗസ്ഥർക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആശ്രാമം മൈതാനത്ത് നടന്ന പരിപാടിയിൽ കരാട്ടേ, ബോക്സിങ്, കളരി, യോഗ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകി. ജോലിയുടെ ഭാഗമായി അക്രമകാരികളായ പ്രതികളെ നേരിടേണ്ടിവരുമ്പോൾ ഉണ്ടാകുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാൻ വനിതാ പോലീസുദ്യോഗസ്ഥരെ മാനസികമായും ശാരീരികമായും തയ്യാറാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

കൊല്ലം ജില്ലാ കരാട്ടേ അസോസിയേഷൻ സെക്രട്ടറിയും കരാട്ടേ പരിശീലകനുമായ  വിജയൻ, ദേശീയ വനിതാ ബോക്സിങ് പരിശീലകൻ മനോജ്, പ്രശസ്ത കളരി ഗുരുക്കൾ അനീഷ് ഗുരുക്കൾ പാലോട്, യോഗ പരിശീലക ജയ എന്നിവർ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകി. 

പരിപാടിയിൽ കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ്, കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ്, എ.സി.പി മാരായ നസീർ, പ്രദീപ്കുമാർ, ഷെരീഫ്, ബിനു ശ്രീധർ എന്നിവർ പങ്കെടുത്തു. ഇത്തരം പരിശീലന ക്ലാസുകൾ സബ്ഡിവിഷൻ തലത്തിൽ തുടർന്നും സംഘടിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Post a Comment

0 Comments