banner

സെക്യൂരിറ്റി ജീവനക്കാരുടെ സസ്പെൻഷൻ: എൻ. എസ്. സഹകരണ ആശുപത്രി സെക്രട്ടറിയും ജോയിന്റ് രജിസ്ട്രാറും നേരിൽ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം : അച്ചടക്കനടപടിയുടെ പേരിൽ വർഷങ്ങൾക്ക് മുമ്പ് ജോലിയിൽ നിന്നും മാറ്റി നിർത്തിയ എൻ.എസ്. സഹകരണ സംഘം ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുത്തില്ലെന്ന പരാതിയിൽ  സംഘം സെക്രട്ടറിയും സഹകരണ ജോയിന്റ് രജിസ്ട്രാറും (ജനറൽ) നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ  കമ്മീഷൻ അംഗം വി. ഗീത. സെപ്റ്റംബറിൽ കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.

മനുഷ്യാവകാശ കമ്മീഷനിൽ നിന്നും നാളിതുവരെ കേസുമായി ബന്ധപ്പെട്ട് നോട്ടീസോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും കമ്മീഷനിലുള്ള കേസിൽ ആശുപത്രി കക്ഷിയല്ലെന്നും കാണിച്ച് സംഘം സെക്രട്ടറി സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് സംഘം സെക്രട്ടറിയെ വിളിച്ചു വരുത്താൻ കമ്മീഷൻ തീരുമാനിച്ചത്.  ഇത് കമ്മീഷന്റെ സത്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. സംഘം സെക്രട്ടറിയുടെ തീരുമാനത്തിന് കമ്മീഷൻ കാത്തിരിക്കുമ്പോഴാണ് ഇത്തരം ഒരു മറുപടി നൽകിയത്.

2020 നവംബർ 20 നാണ് ജീവനക്കാരെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തത്.  സസ്പെൻഷൻ നടപടികൾ നിയമാനുസൃതമാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും സഹകരണ രജിസ്ട്രാർ 2022 ഡിസംബർ 12 ന് സംഘം സെക്രട്ടറിക്ക് നോട്ടീസ് നൽകി.  അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചെങ്കിലും അന്വേഷണം പൂർത്തിയായില്ല.

2023 ജൂൺ 5 ന് പരാതിക്കാർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.  കമ്മീഷൻ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നോട്ടീസയച്ചു.  2023 ജൂലൈ 12 ന് രജിസ്ട്രാർ, കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണം പൂർത്തിയായാലുടൻ നടപടിയെടുക്കാമെന്ന് സംഘം ഉറപ്പു നൽകിയതായി പറയുന്നു.  ഇതാണ് സാഹചര്യമെന്നിരിക്കെ തങ്ങൾ മനുഷ്യാവകാശ കമ്മീഷൻ പരിഗണിച്ച കേസിൽ കക്ഷിയല്ലെന്ന് സംഘം സെക്രട്ടറി പറഞ്ഞതിനെയാണ് കമ്മീഷൻ വിമർശിച്ചത്.  ഇക്കാര്യം ഗൗ വമായെടുക്കുമെന്നും കമ്മീഷൻ വിലയിരുത്തി.  

സംഘം കേസിൽ കക്ഷിയല്ലെന്നും കമ്മീഷനിലെ കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്നും സംഘം സെക്രട്ടറി പറയാനുണ്ടായ സാഹചര്യം രേഖാമൂലം സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.  ശിവകുമാർ, പി. ബി. വിജയകുമാർ എന്നീ ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് നടപടി. 

Post a Comment

0 Comments