അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വോട്ടർ പട്ടികയുടെ പേഴ്സണൽ ഹിയറിങിനായി എത്തിയ കരുവാ സ്വദേശിയായ അഭിഭാഷകനെതിരെ പഞ്ചായത്ത് അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ ആളും ഇദ്ദേഹവുമായി ബന്ധപ്പെട്ടവരും ചേർന്ന് ആക്രമണശ്രമം നടത്തിയതായി ആരോപണം.
അഭിഭാഷകന്റെ വിശദീകരണമനുസരിച്ച്, താൻ നേരത്തെ സ്ഥിരം സമിതി അധ്യക്ഷനും പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിജിലൻസ് കേസ് ഉൾപ്പെടെയുള്ള പരാതികൾ നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ ശ്രമിച്ചതും ആക്രമണശ്രമം നടത്തിയതും എന്ന് അഭിഭാഷകൻ സംശയിക്കുന്നു. കോടതി ഹിയറിങ് കാരണം വോട്ടർ പട്ടികയുടെ പേഴ്സണൽ ഹിയറിങിന് നേരിട്ട് എത്താൻ കഴിയാതിരുന്നപ്പോൾ, ബന്ധുക്കളെ ചുമതലപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നെങ്കിലും, ഈ കത്ത് അംഗീകരിക്കാതെ പഞ്ചായത്ത് അംഗവും മറ്റുള്ളവരും തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ ശ്രമിച്ചതായി അഭിഭാഷകൻ ആരോപിച്ചു.
പേഴ്സണൽ ഹിയറിങിന് നേരിട്ട് ഹാജരായ അഭിഭാഷകൻ, ഓഫീസിൽ നിന്ന് ഇറങ്ങവെ സ്ഥിരം സമിതി അധ്യക്ഷൻ പുറകെ വന്ന് ഭീഷണിപ്പെടുത്തുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതായി പറഞ്ഞു. "എന്റെ ഉടുപ്പിന്റെ കോളറിൽ പിടിച്ച് വലിച്ചുകീറി, ആക്രമിക്കാൻ ശ്രമിച്ചു. സ്വയരക്ഷയ്ക്കായി തള്ളുക മാത്രമാണ് ഞാൻ ചെയ്തത്," അഭിഭാഷകൻ വിശദീകരിച്ചു. സംഭവത്തിൽ തള്ളിയിട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, വിജിലൻസ് കേസ് ഉൾപ്പെടെയുള്ള പരാതികൾ നൽകിയതിന്റെ പ്രതികാരമായാണ് ഈ സംഭവം ആസൂത്രണം ചെയ്തതെന്നും അഭിഭാഷകൻ ആരോപിച്ചു.
എന്നാൽ, അജ്മീൻ തന്നെ മർദിച്ചതായി ആരോപിച്ചും പഞ്ചായത്ത് സെക്രട്ടറി സംഘർഷത്തിലും ജീവനക്കാരെ അസഭ്യം പറഞ്ഞതായും ആരോപിച്ചും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ചാലുംമൂട് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചതായും ജനപ്രതിനിധികൾക്കും ജീവനക്കാർക്കും മാനസിക ആഘാതമുണ്ടായതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
0 Comments