banner

സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ല...!, കൊല്ലത്ത് കൊലക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടു


കൊല്ലം : പരവൂർ ചീപ്പ് പാലത്തിനു സമീപം പുതുവീട്ടിൽ ഗോപാലകൃഷ്ണപിള്ളയെ ബിയർ കുപ്പി കൊണ്ട് മുഖത്ത് അടിച്ചും ദേഹമാസകലം ചവിട്ടിയും കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ സജിൻ, അഹമ്മദ് എന്നിവരെ കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ജഡ്ജി സി.എം സീമ ആണ് വിധി പ്രസ്താവിച്ചത്.

2020 ഫെബ്രുവരി 19-ന് വൈകിട്ട് 7 മണിയോടെ പൊഴിക്കര ചീപ്പ് പാലത്തിനു സമീപം ഒന്നും മൂന്നും പ്രതികളായ സജിനും അഹമ്മദും രണ്ടാം പ്രതി അർഷുദീനും കൂടി ഓട്ടോറിക്ഷയിൽ എത്തി. ഇവർ ഗോപാലകൃഷ്ണപിള്ളയെ കൂട്ടി അദ്ദേഹത്തിന്റെ വീട്ടിൽ മദ്യപിച്ചതിനെ തുടർന്നുണ്ടായ വഴക്കിനിടെ പ്രതികൾ ഗോപാലകൃഷ്ണപിള്ളയെ ക്രൂരമായി മർദിച്ചുവെന്നാണ് കേസ്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണപിള്ളയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, തലക്കേറ്റ പരിക്കുകളുടെ കാഠിന്യം മൂലം 2020 ഏപ്രിൽ 10-ന് അദ്ദേഹം മരണപ്പെട്ടു.

പ്രതികൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഒന്നും മൂന്നും പ്രതികളെ വെറുതെ വിട്ടത്. രണ്ടാം പ്രതി അർഷുദീൻ വിദേശത്തായതിനാൽ വിചാരണ നേരിട്ടില്ല. 

ഒന്നാം പ്രതി സജിനു വേണ്ടി അഡ്വ. പി.കെ. ശ്യാമളാ ദേവി, അനന്യ എം.ജി., പ്രിയങ്ക ശർമ്മ എം.ആർ. എന്നിവരും, മൂന്നാം പ്രതി അഹമ്മദിനു വേണ്ടി അഡ്വ. മീനു ദാസും കോടതിയിൽ ഹാജരായി.

Post a Comment

0 Comments