banner

തൃക്കരുവയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിൽ വൻ തീപിടിത്തം...!, 20 ലക്ഷത്തോളം രൂപയുടെ നഷ്ടം

Representative purpose 
അഞ്ചാലുംമൂട് : തൃക്കരുവ തെക്കേച്ചേരി ജവാൻമുക്കിന് സമീപം പ്രവർത്തിക്കുന്ന ഡേ ആൻഡ് നൈറ്റ് ഡെക്കറേഷൻ ആൻഡ് കാറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിൽ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. സ്റ്റേജ് അലങ്കാരത്തിനുപയോഗിക്കുന്ന വസ്തുക്കൾ ഉൾപ്പെടെ ഗോഡൗണിന്റെ മുക്കാൽ ഭാഗവും തീയിൽ കത്തിനശിച്ചു.

ഗോഡൗണിൽ നിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ഉടൻ തന്നെ ചാമക്കട ഫയർ സ്റ്റേഷനെ വിവരമറിയിച്ചു. തുടർന്ന് സ്റ്റേഷൻ ഓഫീസർ ഉല്ലാസിന്റെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി. ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായി നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേനയ്ക്ക് കഴിഞ്ഞു. സമീപത്ത് ആൾതാമസമുള്ള വീടുകൾ ഉണ്ടായിരുന്നെങ്കിലും, ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം. എന്നാൽ, ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു. തീയണയ്ക്കുന്നതിന് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ മണിയൻ, എസ്.എഫ്.ആർ.ഒ അജിത്ത് കുമാർ, എഫ്.ആർ.ഒമാരായ റോയി, സന്ദീപ്, സേതുനാഥ്, മുകേഷ്, കൃഷ്ണനുണ്ണി, ഡ്രൈവർമാരായ ഹരികുമാർ, സജി എന്നിവർ പങ്കെടുത്തു. സംഭവത്തെക്കുറിച്ച് അഞ്ചാലുംമൂട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments