പിഎം ശ്രീ പദ്ധതി വിവാദത്തിൽ സിപിഎം നിലപാട് മയപ്പെടുത്തുന്നു. പദ്ധതി നടപ്പാക്കാനാകില്ലെന്ന് സിപിഐ ഉറച്ചനിലപാടെടുത്തതോടെയാണ് പദ്ധതിയിൽ നിന്നും പിന്മാറുന്നത് സംബന്ധിച്ച ആലോചന സിപിഎം നടത്തിയത്. ഇതിനു പിന്നാലെ പദ്ധതിയിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെട്ടു കത്തു നൽകാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെ്യലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്.
ഇന്നു രാവിലെ നടന്ന അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ് കൺവീനൽ ടി.പി.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തിരുന്നു. പിഎം ശ്രീ നടപ്പാക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടാനാണ് യോഗത്തിൽ ധാരണയായതെന്നാണ് വിവരം. പിഎം ശ്രീയിൽനിന്നു പിൻമാറുന്നുവെന്നു കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തു നൽകണമെന്നാണ് സിപിഐ വച്ചിരുന്ന ഉപാധി.
അതേസമയം, സിപിഐ സംസ്ഥാന കൗൺസിൽ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. ഇന്നു വൈകിട്ടത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐയുടെ നാലു മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സമവായ നീക്കവുമായി സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. മന്ത്രിസഭാ യോഗത്തിൽനിന്നു സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് സിപിഎമ്മിന്റേതെന്നാണ് വിലയിരുത്തൽ. ഇതിനോടു സിപിഐ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണായകം.

0 Comments