കൊല്ലം : ശക്തികുളങ്ങര ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ കേരള മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്കു നേരെ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ആക്രമണം നടത്തി. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ലെന്നു പറഞ്ഞ് കുളച്ചൽ ഭാഗത്തു വച്ച് നാൽപതോളം ബോട്ടുകളിലെത്തിയവർ കൊല്ലത്തു നിന്നു പോയ 6 ബോട്ടുകൾ ആക്രമിച്ചു. സംഭവത്തിൽ 4 പേർക്കു പരുക്കേറ്റു. ബോട്ടുകൾക്കു 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. 2 ലക്ഷത്തോളം വില വരുന്ന മത്സ്യവും നശിപ്പിക്കപ്പെട്ടു.
സെന്റ് പോൾ, ജീസസ് ഗിഫ്റ്റ്, ഹേമന്ദം, എം ആന്റണി, പൂജ മോൾ, പൊടിയൻ എന്നീ ബോട്ടുകളാണു ആക്രമിക്കപ്പെട്ടത്. 8 ദിവസം മുൻപ് ശക്തികുളങ്ങര ഹാർബറിൽ നിന്ന് 9 ബോട്ടുകൾ കടലിലേക്കു പോയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ കുളച്ചൽ ഭാഗത്തു നിന്ന് 61 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ വച്ചാണു ആക്രമണം നടന്നത്.
കേരള ബോട്ടുകളെ വളഞ്ഞ് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ആദ്യം ഇരുമ്പ് കട്ടകളും മറ്റും എറിഞ്ഞു. പിന്നീട് സെന്റ് പോൾ ബോട്ടിനെ അവരുടെ ബോട്ട് ഉപയോഗിച്ച് ഇടിച്ചു. വീൽ ഹൗസിനു കേടുപാടുകൾ വരുത്തി. മത്സ്യങ്ങൾ കടലിലേക്കു വീഴ്ത്തി. തുടർന്നു ബോട്ടുകളിൽ പ്രവേശിച്ച തമിഴ്നാട്ടുകാർ പൈപ്പുകൾ ഉപയോഗിച്ചു ബോട്ടുകൾ തല്ലിത്തകർത്തു. തകർന്ന ചില്ലുകൾ ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചു. നീല നിറത്തിലുള്ള ബോട്ടുകാർ (കേരള ബോട്ടുകൾ) ഇവിടെ മത്സ്യബന്ധനം നടത്തരുതെന്നു പറഞ്ഞായിരുന്നു ആക്രമണം. കേരള ബോട്ടുകൾക്കു നീല നിറമാണു നിശ്ചയിച്ചിരിക്കുന്നത്. തമിഴ്നാടിനു പച്ചയും കർണാടകയ്ക്കു ചുവപ്പും.
ആക്രമണത്തിൽ 3 ബോട്ടുകൾ നേരിടാതെ രക്ഷപ്പെട്ടു. വിവിധ ബോട്ടുകളിലായി എൺപതോളം ജീവനക്കാർ ഉണ്ടായിരുന്നു. പരുക്കേറ്റവർ: സെന്റ് പോൾ ബോട്ടിലെ തമിഴ്നാട് വാണിയക്കുടി സ്വദേശികളായ എഡ്വിൻകുമാർ (49), ശേഖർ (21), ആഷിക്ക് (21), ഹേമന്ദം ബോട്ടിലെ വെസ്റ്റ് ബംഗാൾ സ്വദേശി ഹരിമോൻ ദാസ് (46). ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ നീണ്ടകര കോസ്റ്റൽ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലെ കോസ്റ്റൽ പൊലീസുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

0 Comments