ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പാകിസ്ഥാനെ പിന്തുണച്ചതിനെ തുടര്‍ന്ന് തുര്‍ക്കിയിലേക്കുള്ള യാത്ര ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ഇന്ത്യക്കാര്‍.
തുര്‍ക്കിയിലേക്കുള്ള യാത്ര വേണ്ടെന്ന് വച്ച ഇന്ത്യക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വിമാന യാത്രാ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ് കമ്പനികളും തുര്‍ക്കിയിലേക്കുള്ള സേവനങ്ങള്‍ പരസ്യമായി നിര്‍ത്തിവച്ചിട്ടുണ്ട്. അതിനിടെ, ഉണങ്ങിയ അത്തിപ്പഴം, ആപ്രിക്കോട്ട്, ചെമ്പങ്കായ അഥവാ ഹെയ്‌സല്‍നട്ട് ചേര്‍ത്ത ചോക്ലേറ്റ് എന്നിവ കഴിക്കുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഐഎഫ്എസ് ഓഫീസര്‍ അനുപം ശര്‍മ്മ. ഈ ഇനങ്ങളുടെ ഏറ്റവും വലിയ ഉല്‍പ്പാദകര്‍ തുര്‍ക്കിയാണ്. രാജ്യം ആദ്യം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇവ കഴിക്കുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്നും കുറിപ്പില്‍ പറയുന്നു.
‘ഹെയ്‌സല്‍നട്ട്, ഉണങ്ങിയ അത്തിപ്പഴം (അഞ്ജീര്‍), ഉണങ്ങിയ ആപ്രിക്കോട്ട് (ഖുബാനി) എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദകരാണ് തുര്‍ക്കി. നമ്മള്‍ കഴിക്കുന്ന മിക്കതും അവിടെ നിന്നാണ്. ഇപ്പോള്‍ ഹെയ്‌സല്‍നട്ട് ചോക്ലേറ്റുകള്‍, ഇറക്കുമതി ചെയ്ത ഉണങ്ങിയ അത്തിപ്പഴം, ആപ്രിക്കോട്ട് എന്നിവ എന്തുചെയ്യണമെന്ന് നമുക്കറിയാം. രാഷ്ട്രം ആദ്യം, എപ്പോഴും,” – അനുപം ശര്‍മ്മ കുറിച്ചു. ഇവയുടെ ചിത്രങ്ങള്‍ സഹിതമാണ് കുറിപ്പ്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) ഇന്ത്യന്‍ വ്യാപാരികളോട് തുര്‍ക്കിയിലേക്കുള്ള യാത്ര നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അസര്‍ബൈജാനിലേക്കുള്ള യാത്രകളും നിര്‍ത്തിവെയ്ക്കണമെന്നും ആഹ്വാനമുണ്ട്. തുര്‍ക്കിക്ക് പുറമേ, അസര്‍ബൈജാനും പാകിസ്ഥാന് തുറന്ന പിന്തുണ നല്‍കിയിട്ടുണ്ട്.
കോക്‌സ് & കിംഗ്‌സ് തുടങ്ങിയ യാത്രാ അഗ്രഗേറ്റര്‍മാരും തുര്‍ക്കിയുമായി ബിസിനസ്സ് ചെയ്യുന്നത് നിര്‍ത്തിയതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രം ആദ്യം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കുറിപ്പുകളില്‍ പറയുന്നു.
0 Comments