ദില്ലി : അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൈലറ്റുമാരുടെ സംഘടന കോടതിയിലേക്ക്. അന്വേഷണ സംഘത്തിൽ സംഘടനയിലെ വിദഗ്ധ പൈലറ്റുമാരെ ഉൾപ്പെടുത്തണമെന്നാണ് പൈലറ്റുമാരുടെ സംഘടനയുടെ ആവശ്യം. തുടരന്വേഷണത്തിലും സുതാര്യതയുണ്ടാകില്ലെന്ന് സംഘടന ആവശ്യപ്പെടുന്നു. അതേസമയം, ഡിജിസിഎ ഉദ്യോഗസ്ഥരുമായി എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഇന്ന് കൂടിക്കാഴ്ച നടത്തും. സംഘടനയുടെ ആശങ്കയറിയിക്കും.
അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ബാലിശമാണെന്നും ഫ്യുവല്‍ സ്വിച്ച് ഓഫായതിന് പിന്നില്‍ യന്ത്രതകരാര്‍ സംഭവിച്ചോയെന്നത് വിശദമായ അന്വേഷണത്തില്‍ പരിശോധിക്കണമെന്നും എയര്‍ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മുന്‍ തലവന്‍ ആവശ്യപ്പെട്ടു. എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും കട്ട് ഓഫ് പൊസിഷനിലായതിന് പിന്നില്‍ പൈലറ്റുമാരാണെന്ന ധ്വനിയാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. കോക് പിറ്റ് റെക്കോര്‍ഡറിലെ പൈലറ്റുമാരുടെ സംഭാഷണം മുഴുവന്‍ പുറത്ത് വിടാതെ സംശയം ജനിപ്പിക്കുന്ന ഒരു ഭാഗം മാത്രമാണ് റിപ്പോര്‍ട്ടില്‍ പങ്ക് വച്ചിരിക്കുന്നത്. പൈലറ്റുമാരിലേക്ക് മാത്രം ചര്‍ച്ച കേന്ദ്രീകരിക്കുന്നതില്‍ കടുത്ത അതൃപ്തി ഉയരുന്നുണ്ട്. പൈലറ്റുമാരുടെ സംഘടനയും, കൊല്ലപെട്ടവരുടെ ബന്ധുക്കളും അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പോരായ്മയിലേക്ക് അന്വേഷണം നടത്തുന്ന എയര്‍ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റിഗേഷന്‍ ബ്യൂറോയുടെ മുന്‍ തലവനും വിരല്‍ ചൂണ്ടി.
ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫായതിന് പിന്നില്‍ യന്ത്രത്തകരാറോ, ഇലക്ട്രിക്കല്‍ പ്രശനങ്ങളോ ഉണ്ടായിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയില്‍ വരുമെന്നാണ് അരബിന്ദോ ഹണ്ട വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. കരിപ്പൂര്‍ വിമാനദുരന്തിലടക്കം ഹണ്ടയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രാഥമിക റിപ്പോര്‍ട്ടിനെ പ്രതിപക്ഷവും സംശയത്തോടെയാണ് കാണുന്നത്. ഏറ്റവുമൊടുവില്‍ ചേര്‍ന്ന പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തില്‍ അന്വേഷണ സമിതിയുടെ ഘടനയിലടക്കം അതൃപ്തി അറിയിച്ച് വ്യോമയാന മന്ത്രാലയത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അഹമ്മദാബാദ് ദുരന്തവും അതിന് പിന്നാലെ നടന്ന സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സുരക്ഷ കാര്യങ്ങളില്‍ എയര്‍ ഇന്ത്യ, ബോയിംഗ് കമ്പനികളെയും എപിഎസി കുറ്റപ്പെടുത്തുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.വിമാനകമ്പനികളുടെ സുരക്ഷ പാളിച്ചയിലേക്ക് അന്വേഷണം നീണ്ടാല്‍ വ്യോമയാന മന്ത്രാലയത്തിനും ക്ഷീണമാകും. അത് പ്രതിരോധിക്കാനുള്ള നീക്കമാണെന്ന ആക്ഷേപവും ശക്തമാകയാണ്.
0 Comments