കൊല്ലം : തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ 13 വാർഡുകളിലും അഷ്ടമുടി കായലിന്റെ കിഴക്ക്-പടിഞ്ഞാട് ഭാഗങ്ങളിൽ കായൽ കയ്യേറി തട്ടിയെടുത്ത ഭൂമികൾ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ 23 ബോർഡുകൾ സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പുമായി കൂടിയാലോചനകൾ നടത്തി നിയമപരമായ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കായൽ കയ്യേറ്റവും ജലമലിനീകരണവും ശിക്ഷാർഹ കുറ്റമാണെന്ന് ബോർഡുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, റാംസർ സൈറ്റിൽ ഉൾപ്പെട്ട അഷ്ടമുടി കായലിൽ വ്യാപക കയ്യേറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി ആറ് മാസത്തിനകം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.
റവന്യു, പഞ്ചായത്ത്, പൊലീസ് വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ അവസാന ഘട്ടത്തിലാണ്. തുടർനടപടികൾക്കായി റവന്യൂ വകുപ്പുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് തൃക്കരുവ പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി അജയകുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി ഷീബ സെബാസ്റ്റ്യൻ, സൂപ്രണ്ട് പ്രവീൺ ധനപാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അനധികൃത കൈയേറ്റ സ്ഥലങ്ങളിൽ ബോർഡ് സ്ഥാപിച്ചത്.
0 Comments