കൊല്ലം : കൊട്ടിയം ഉമയനല്ലൂരിലെ വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ റെയ്ഡിൽ ഗുണനിലവാരമില്ലാത്ത 5800 ലിറ്ററിലധികം വെളിച്ചെണ്ണ പിടികൂടി. വ്യാജ ലേബലുകളോടു കൂടിയ കേര സൂര്യ, കേര ഹരിതം എന്നീ ബ്രാൻഡുകളിലേത് ഉൾപ്പെടെ 9337 ലിറ്റർ വെളിച്ചെണ്ണയാണ് ജില്ലയിൽ നടന്ന വിവിധ പരിശോധനകളിലായി പിടിച്ചെടുത്തത്. ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശോധനകളുടെ തുടർച്ചയായായി 'ഓപ്പറേഷൻ നാളികേര' യുടെ ഭാഗമായാണ് ഈ നടപടി.
ഉമയനല്ലൂർ പാർക്ക് മുക്കിലുള്ള എസ്.എ.എസ്. ട്രേഡേഴ്സ് എന്ന കടയിലാണ് റെയ്ഡ് നടത്തിയത്. പാക്ക് ചെയ്ത 5800 ലിറ്റർ വെളിച്ചെണ്ണയും പാക്ക് ചെയ്യാതെ സൂക്ഷിച്ചിരുന്ന 600 ലിറ്റർ വെളിച്ചെണ്ണയും ഇവിടെ നിന്ന് കണ്ടെടുത്തു. വ്യാജ ഫുഡ് സേഫ്റ്റി ലൈസൻസ് നമ്പറുകളാണ് ഈ ബ്രാൻഡുകളിൽ ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. മുൻപ് നടത്തിയ കടകളിലെ പരിശോധനകളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിറയ്ക്കൽ കേന്ദ്രത്തിലേക്ക് ഉദ്യോഗസ്ഥർ എത്തിയത്.
ഡെപ്യൂട്ടി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദേശപ്രകാരം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, നോഡൽ ഓഫീസർ, ഇരവിപുരം, കൊല്ലം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നയിച്ചത്. പിടിച്ചെടുത്ത വെളിച്ചെണ്ണയുടെ സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കടയ്ക്കുള്ളിൽ വെളിച്ചെണ്ണ സൂക്ഷിച്ചിരുന്ന സ്ഥലം സീൽ ചെയ്തു.
അതേ സമയം, വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വ്യാജ ഉത്പന്നങ്ങൾ വിപണിയിൽ സജീവമാകുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായ വിലയാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിന് തടയിടാൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ലിറ്ററിന് 457 രൂപയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി വെളിച്ചെണ്ണ ഉത്പാദന-വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഏഴ് ജില്ലകളിൽ നിന്നായി 16,565 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടിയിട്ടുണ്ട്. ഗുണനിലവാരം സംബന്ധിച്ച പരാതികൾ വകുപ്പിന് ലഭിക്കുന്നുണ്ടെന്നും പരിശോധനകൾ തുടരുമെന്നും മന്ത്രി അറിയിച്ചു. വ്യാജ ഉത്പന്നങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
0 Comments