banner

സഞ്ചാര്‍ സാഥി ആപ്പിൽ പിന്നോട്ടു പോയി കേന്ദ്രം...!, ആപ്പ് ഇന്‍ബില്‍റ്റായി ആഡ് ചെയ്യണമെന്ന ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം; നടപടി പ്രതിപക്ഷം പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ


ന്യൂഡൽഹി : രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് ഇന്‍ബില്‍റ്റായി ഉപയോഗപ്പെടുത്താനുള്ള ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം. ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടെന്ന് കേന്ദ്രമന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗികക്കുറിപ്പില്‍ വ്യക്തമാക്കി. സഞ്ചാര്‍ സാഥി ആപ്പ് ഇന്‍ബില്‍റ്റായി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷം കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിര്‍ദേശം നടപ്പാക്കില്ലെന്ന് ആപ്പിള്‍ കമ്പനിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ സഞ്ചാര്‍ സാഥി ആപ്പിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുള്ളതെന്നും അതിനാലാണ് പ്രീ ഇന്‍സ്റ്റാള്‍ വേണ്ടെന്ന് മൊബൈല്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും കേന്ദ്രം പുറപ്പെടുവിച്ച ഔദ്യോഗികക്കുറിപ്പില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും സര്‍ക്കാര്‍ ആപ്പ് നിര്‍ബന്ധമാക്കിയ കേന്ദ്ര നീക്കം പൗരന്മാരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ കേന്ദ്ര നീക്കത്തിനെതിരെ ആപ്പിള്‍ രംഗത്തെത്തിയിരുന്നു. ഇത്തരം ഉത്തരവുകള്‍ തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളെയും ആഗോള സ്വകാര്യതാ മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെന്നാണ് ആപ്പിളുമായി ബന്ധപ്പെട്ടവരെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി തന്നെ അറിയിക്കാനാണ് കമ്പനിയുടെ പദ്ധതി. അതേസമയം, സഞ്ചാര്‍ സാഥി ആപ്പ് വേണ്ടെന്നുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാമെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. വ്യാപകമായ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ കേന്ദ്രം ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

Post a Comment

0 Comments