കൊല്ലം : അഷ്ടമുടി കായൽ സംരക്ഷണത്തിനായി 30 അംഗ തണ്ണീർത്തട മാനേജ്മെൻറ് യൂണിറ്റ് രൂപീകരിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. കൊല്ലം ജില്ലാ കളക്ടർ ചെയർമാനായ യൂണിറ്റിൽ വിവിധ സർക്കാർ വകുപ്പുകളിലെ സെക്രട്ടറിമാർ, കൊല്ലം കോർപ്പറേഷൻ സെക്രട്ടറി, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റി നിയമിക്കുന്ന വിദഗ്ധൻ, സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റി നിയമിക്കുന്ന വിദഗ്ധൻ, എൻ.ജി.ഒ പ്രതിനിധി, മത്സ്യമേഖല പ്രതിനിധി, അഷ്ടമുടി ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി എന്നിവരാണു ഉൾപ്പെട്ടിരിക്കുന്നത്.
അഷ്ടമുടി കായൽ സംരക്ഷണത്തിനായി അഡ്വ. ബോറിസ് പോൾ, ഹെൽപ്പ് ഫൗണ്ടേഷൻ സി.ഇ.ഒ പീറ്റർ പ്രദീപ് എന്നിവർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലെ 2025 ജൂലൈയിലെ വിധി പ്രകാരമാണ് യൂണിറ്റ് രൂപീകരണം. വിധി നടപ്പാക്കാത്തതിനെതിരെ ഹർജിക്കാരനായ അഡ്വ. ബോറിസ് പോൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസ് കേരള ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിച്ചു. ഇന്നലെ (ജനുവരി 7) തന്നെ യൂണിറ്റ് രൂപീകരിച്ച് വിജ്ഞാപനമിറക്കിയെന്ന് സർക്കാർ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
എന്നാൽ, കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. വിധിയിലെ പ്രാഥമിക നിർദേശം മാത്രമേ നടപ്പായിട്ടുള്ളൂവെന്നും കേസ് തുടരുമെന്നും കോടതി വ്യക്തമാക്കി. വിധി പ്രകാരം, മാനേജ്മെൻറ് യൂണിറ്റ് രണ്ടു മാസത്തിനകം താൽക്കാലിക മാനേജ്മെൻറ് പ്ലാൻ തയാറാക്കണം. പൊതുജനങ്ങൾക്ക് പരാതികൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ സമർപ്പിക്കാൻ അനുയോജ്യമായ വെബ്സൈറ്റ് സജ്ജീകരിക്കണം. ആറു മാസത്തിനകം അഷ്ടമുടി കായൽ സംരക്ഷണത്തിനുള്ള സ്ഥിരമായ മാനേജ്മെൻറ് പ്ലാൻ രൂപീകരിക്കുകയും നടപ്പാക്കുകയും വേണം.
യൂണിറ്റിന്റെ ആസ്ഥാനം കൊല്ലത്തായിരിക്കണമെന്നും ഓഫീസ് സൗകര്യങ്ങൾ, ആവശ്യമായ ഉദ്യോഗസ്ഥർ എന്നിവ സർക്കാർ ഒരുക്കണമെന്നും വിധിയിൽ നിർദേശിക്കുന്നുണ്ട്. ഇവയെല്ലാം നടപ്പാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധി പൂർണമായി നടപ്പാകുന്നതു വരെ കോടതിയലക്ഷ്യ കേസ് തുടരുമെന്ന് ഹർജിക്കാരനായ അഡ്വ. ബോറിസ് പോൾ പ്രതികരിച്ചു.
ഹർജിക്കാരനു വേണ്ടി അഡ്വ. അജ്മൽ എ. കരുനാഗപ്പള്ളി, അഡ്വ. ധനുഷ് സി.എ., അഡ്വ. പ്രിയങ്ക ശർമ എം.ആർ., അഡ്വ. അനന്യ എം.ജി., അഡ്വ. മനോജ് ശ്രീധർ എന്നിവർ ഹാജരായി.

0 Comments