അഞ്ചാലുംമൂട് : കരുവ മുസ്ലീം ജമാഅത്തിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. കരുവ വലിയവിള തെക്കേച്ചേരി സ്വദേശി അമീർഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നടുവിലച്ചേരി സ്വദേശി സിയാദ് (ഒന്നാം പ്രതി), സാജിദ് (രണ്ടാം പ്രതി), സിദ്ദീഖ് (മൂന്നാം പ്രതി) എന്നിവരാണ് കേസിലെ പ്രതികൾ. അസഭ്യവർഷം, ഗൂഢാലോചന, ദേഹോപദ്രവമേൽപ്പിക്കൽ, മാരകായുധം ഉപയോഗിച്ച് ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഈ മാസം ഏഴിന് വൈകിട്ട് ആറുമണിയോടെ തൃക്കരുവ മുസ്ലീം ജമാഅത്ത് പള്ളിയിൽ നടന്ന ഓഡിറ്റിംഗ് കമ്മിറ്റി യോഗത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയുടെ 2023–25 കാലയളവിലെ സാമ്പത്തിക കണക്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് വകഫ് ബോർഡിന് മുമ്പേ പരാതി നൽകിയിരുന്ന അമീർഖാൻ, യോഗത്തിനിടെ വഞ്ചി വരുമാനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നീണ്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
എഫ്.ഐ.ആറിലെ വിശദാംശങ്ങൾ പ്രകാരം, ഒന്നാം പ്രതി സിയാദ് അസഭ്യവർഷം നടത്തിയതിന് ശേഷം കയ്യിലുണ്ടായിരുന്ന താക്കോൽ പോലുള്ള ആയുധം ഉപയോഗിച്ച് അമീർഖാന്റെ ഇടത് കണ്ണിനും ഇടത് പുരികത്തിന് സമീപം നെറ്റിയിലും ആഞ്ഞടിച്ചു. തുടർന്ന് രണ്ടാം പ്രതി സാജിദും മൂന്നാം പ്രതി സിദ്ദീഖും ചേർന്ന് അമീർഖാനെ തള്ളി നിലത്തിട്ടു. കമിഴ്ന്നു വീണ ഇയാളുടെ മുതുകിൽ കയറിയിരുന്ന് സാജിദ് കൈ ചുരുട്ടിയും താക്കോൽ പോലുള്ള ആയുധം ഉപയോഗിച്ചും വീണ്ടും ആക്രമിച്ചതായും പരാതിയിൽ പറയുന്നു. “എപ്പോഴും കമ്മിറ്റിക്കെതിരെ പരാതി കൊടുക്കുന്നവൻ” എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണമെന്നാണ് എഫ്.ഐ.ആറിലെ രേഖ.
ആക്രമണത്തിൽ അമീർഖാന്റെ ഇടത് കണ്ണിന് താഴെ എല്ലിന് പൊട്ടൽ, ഞരമ്പിന് ക്ഷതം, നീരും കല്ലുപ്പും, ഇടത് കണ്ണിൽ ചുവപ്പ്, ഇടത് പുരികത്തിന് സമീപം നെറ്റിയിൽ മുറിവ്, മുതുകിന്റെ ഇടതുവശത്ത് മുറിവും ചതവും ഉണ്ടായതായി പൊലീസ് രേഖപ്പെടുത്തി. പരിക്കേറ്റ അമീർഖാൻ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരിക്കുകൾ ഗുരുതരമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായാണ് വിവരം.
കഴിഞ്ഞ ഒമ്പത് മാസത്തെ പള്ളി വരവ്–ചെലവ് കണക്കുകളിൽ ഓഡിറ്റ് അധികൃതർ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതായും ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നും അമീർഖാൻ പരാതിയിൽ ആരോപിക്കുന്നു. വിഷയം ജമാഅത്ത് കമ്മിറ്റിയിലും പൊതുജനങ്ങൾക്കിടയിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
അതേസമയം, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അഷറഫുദ്ദീൻ, സെക്രട്ടറി അൻഷാദ്, ട്രഷറർ താഹ ഞാറക്കൽ എന്നിവർ ചേർന്ന് അമീർഖാനെതിരെ മറുപരാതി നൽകിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ട് ചർച്ചയ്ക്കിടെ അമീർഖാൻ തന്നെയാണ് സിയാദിനെ കഴുത്തിന് പുറകിൽ ശക്തിയായി അടിച്ചതെന്നും കമ്മിറ്റി അലങ്കോലമാക്കിയതെന്നുമാണ് ആ പരാതിയിലെ ആരോപണം. ചർച്ചയ്ക്കിടെ സംഘർഷാവസ്ഥയുണ്ടായതിനെ തുടർന്ന് കമ്മിറ്റി യോഗം പിരിച്ചുവിട്ടതായും പരാതിയിൽ പറയുന്നു.
എന്നാൽ താൻ ആരെയും മർദിച്ചിട്ടില്ലെന്നും പ്രതികൾ ആശുപത്രിയിൽ കഴിയുന്നത് യാതൊരു കാരണവുമില്ലാതെയാണെന്നും അമീർഖാൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു. പ്രതിയുടെ കാലിന് ഉണ്ടായ പരിക്ക് ഈ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അറസ്റ്റിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അമീർഖാൻ ആവശ്യപ്പെട്ടു.

0 Comments