ആലപ്പുഴ : കർക്കടകം തുടങ്ങിയതോടെ ജില്ലയിൽ വീണ്ടും മഴ ശക്തമായി. കഴിഞ്ഞ ആഴ്ച വരെ വൈകിട്ടും രാത്രിയിലും ഇടവിട്ടാണു മഴ ലഭിച്ചിരുന്നതെങ്കിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ചു. 18നു സന്ധ്യയ്ക്കു ശേഷം തുടങ്ങിയ മഴ പുലർച്ചെ വരെ പെയ്തു. ഇതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളക്കെട്ടിലായി.
എങ്കിലും വീടുകളിൽ നിന്നു മാറേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. സൂര്യപ്രകാശം ലഭിക്കുന്നതു കുറഞ്ഞതോടെ അന്തരീക്ഷ താപനിലയും താഴ്ന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ചു കാറ്റിന്റെ ശക്തിയും കുറഞ്ഞു. ഇതു കാരണമാണു മൺസൂൺ സ്വഭാവത്തിലുള്ള മഴ തുടർച്ചയായി ലഭിക്കുന്നതെന്നു കാലാവസ്ഥ വിദഗ്ധർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മഴ കുറയുമെങ്കിലും ഭേദപ്പെട്ട അളവിൽ മഴ ലഭിക്കുമെന്നും വിദഗ്ധർ പറഞ്ഞു. ജില്ലയിൽ ഇന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. തുടർന്നുള്ള ദിവസങ്ങളിൽ മഴയുണ്ടാകുമെങ്കിലും തീവ്രത കുറയുമെന്നാണു കാലാവസ്ഥ വിദഗ്ധർ പറയുന്നത്. ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ വരെയുള്ള തീരത്ത് ഇന്നു വൈകിട്ട് 5.30 വരെ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇൻകോയ്സ്) അറിയിച്ചു.
ഈ സമയത്തു കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നുമാണു നിർദേശം. 18നു രാവിലെ 8.30 മുതൽ 19 രാവിലെ 8.30 വരെ ലഭിച്ച മഴ (മില്ലിമീറ്ററിൽ). ചേർത്തല– 42.0 കായംകുളം– 51.0 മാവേലിക്കര– 48.4 മങ്കൊമ്പ്– 62.6 ഹരിപ്പാട്– 39.4 തൈക്കാട്ടുശേരി– 39.0
0 Comments