banner

തൃക്കരുവ പഞ്ചായത്ത് ഓഫീസിൽ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചു...!, അഭിഭാഷകനെതിരെ പോലീസിൽ പരാതി


കൊല്ലം : തൃക്കരുവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സ്റ്റേഡിയം വാർഡ് മെമ്പറുമായ അജ്മീൻ എം. കരുവയ്ക്കെതിരെ ആക്രമണം. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കുന്നതിനിടെ, വോട്ടർ പട്ടികയുടെ ഹിയറിങ്ങിനായി എത്തിയ തൃക്കരുവ സ്വദേശിയായ കൊല്ലം ബാറിലെ അഭിഭാഷകൻ അജ്മീനിന്റെ മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനിടെ, ആക്രമണകാരി പഞ്ചായത്ത് ജീവനക്കാരെ അസഭ്യം പറഞ്ഞതായും ഗുരുതര ആരോപണമുണ്ട്. പരിക്കേറ്റ അജ്മീൻ അഞ്ചാംലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണത്തിനിടെ അജ്മീനിനെ പിടിച്ചുമാറ്റാൻ ശ്രമിച്ച സുധീർ എന്നയാളുടെ തള്ളവിരൽ കടിച്ചുമുറിച്ചതായും റിപ്പോർട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി. പഞ്ചായത്തിനുള്ളിൽ നടന്ന ആക്രമണമായതിനാൽ പഞ്ചായത്ത് സെക്രട്ടറി, അജ്മീൻ എന്നിവർ വെവ്വേറെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ജീവനക്കാരെ അസഭ്യം പറഞ്ഞതടക്കമുള്ള ആരോപണങ്ങൾ പോലീസ് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവം പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചതായും ജനപ്രതിനിധികൾക്കും ജീവനക്കാർക്കും മാനസിക ആഘാതമുണ്ടാക്കിയതായും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്.

Post a Comment

0 Comments