വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഞ്ചാവിനെ അപകടം കുറഞ്ഞ മയക്കുമരുന്നായി പുനര്‍വര്‍ഗ്ഗീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഞ്ചാവ് ആളുകള്‍ക്ക് കൂടുതല്‍ ലഭ്യമാക്കാന്‍ ട്രംപ് പദ്ധതിയിടുന്നതായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം ആദ്യം ന്യൂജേഴ്‌സിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവേ ട്രംപ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി, പരിപാടിയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂജേഴ്സിയിലുള്ള തന്റെ ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന, $1m-a-plate fundraiser എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന. കഞ്ചാവിനെ ഷെഡ്യൂള്‍ I നിയന്ത്രിത വസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് ഷെഡ്യൂള്‍ III മയക്കുമരുന്നാക്കി മാറ്റാന്‍ താത്പര്യപ്പെടുന്നതായാണ് ട്രംപ് പരിപാടിയില്‍ പറഞ്ഞത്. ഷെഡ്യൂള്‍ III-ലേക്ക് പുനര്‍വര്‍ഗ്ഗീകരിച്ചാല്‍, കഞ്ചാവ് വാങ്ങുന്നതും വില്‍ക്കുന്നതും കൂടുതല്‍ എളുപ്പമാകും. മാത്രമല്ല, ഈ വ്യവസായം കൂടുതല്‍ ലാഭകരമാവുകയും ചെയ്യും.
മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടമാണ് ഇത്തരത്തിലുള്ള പുനര്‍വര്‍ഗ്ഗീകരണത്തെക്കുറിച്ച് ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍, ബൈഡന്റെ ഭരണകാലാവധി അവസാനിച്ചതിനാല്‍ ഇത് നിയമമായില്ല. ഏറ്റവും വലിയ കഞ്ചാവ് കമ്പനികളിലൊന്നായ ട്രൂലീവിന്റെ (Trulieve) ചീഫ് എക്‌സിക്യൂട്ടീവ് കിം റിവേഴ്സും ട്രംപിന്റെ ന്യൂജേഴ്സി ക്ലബ്ബിലെ പരിപാടിയിലെ അതിഥികളില്‍ ഒരാളായിരുന്നു എന്നാണ് വിവരം.
0 Comments