ഇരിട്ടി (കണ്ണൂർ) : ഒടിഞ്ഞ കയ്യിലൊരു ഏറുപടക്കവും സിഗരറ്റ് ലൈറ്ററുമായി 68 വയസ്സുകാരൻ വള്ളിക്കാവുങ്കൽ അപ്പച്ചൻ (മാത്യു) മരക്കൊമ്പിൽ; കാട്ടുപന്നിയെ കൊന്നുതിന്ന് വയർ നിറച്ച കടുവ മരച്ചുവട്ടിൽ. ഇരുവരുമങ്ങനെ 'മുഖാമുഖം നിന്നത്' മുക്കാൽ മണിക്കൂർ. ഒരുവർഷം മുൻപുണ്ടായ വീഴ്ചയിൽ ഇടതുകൈയുടെ എല്ലൊടിഞ്ഞു ചികിത്സയിലായിരുന്നു അപ്പച്ചൻ.
അങ്ങാടിക്കടവിൽ താമസിക്കുന്ന വള്ളിക്കാവുങ്കൽ അപ്പച്ചൻ തന്റെ കൃഷിയിടത്തിലെ ശല്യക്കാരായ കുരങ്ങുകളെ തുരത്താനാണ് ഇന്നലെ രാവിലെ ഒൻപതോടെ ഏറുപടക്കവുമായി അട്ടയോലി മലയിലെത്തിയത്. ബന്ധുവിന്റെ പറമ്പിൽ കുരങ്ങുകളുടെ അസാധാരണ ശബ്ദംകേട്ട് കുന്നിറങ്ങിച്ചെന്ന അപ്പച്ചൻ കണ്ടത് കൈകൾ നീട്ടിവച്ച് മരച്ചുവട്ടിൽ വിശ്രമിക്കുന്ന കൂറ്റൻ കടുവയെ. കടുവയും അപ്പച്ചനും തമ്മിൽ വെറും 3 മീറ്റർ മാത്രം അകലം! ഒടിഞ്ഞ കൈയുടെ വേദന വകവയ്ക്കാതെ ധൈര്യം സംഭരിച്ച് അപ്പച്ചൻ സമീപത്തെ കശുമാവിനു മുകളിൽ കയറി. സഹായത്തിന് അലറിവിളിച്ചെങ്കിലും ആരും കേൾക്കാനുണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്ന ഫോണിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചതോടെയാണ് ആളെത്തിയത്.
ഈ സമയമത്രയും കടുവ കിടന്നകിടപ്പിൽ നിന്നെഴുന്നേറ്റില്ല. ഭയന്ന അപ്പച്ചൻ മരത്തിൽനിന്ന് ഇറങ്ങിയുമില്ല. അങ്ങാടിക്കടവ് ടൗണിൽനിന്ന് ചുമട്ടുതൊഴിലാളി ജയ്സന്റെയും ഡ്രൈവർ ചന്ദ്രന്റെയും നേതൃത്വത്തിൽ ഏതാനുംപേർ സ്ഥലത്തെത്തിയാണ് അപ്പച്ചനെ താഴെയിറക്കിയത്. ഇവരെത്തിയതോടെ കടുവ സാവധാനം എഴുന്നേറ്റു നടന്നുനീങ്ങി. പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധിച്ചു.
0 Comments