banner

പിഎം ശ്രീ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്


തിരുവനന്തപുരം : പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിന് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ സിപിഐയും ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്. അതിനിടെ സിപിഐയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയിരുന്നു, എന്നാല്‍ ഇതും വിഫലമായി.

അതേസമയം മറ്റന്നാള്‍ നടക്കുന്ന മന്ത്രി സഭാ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. സിപിഐഎമ്മും മുഖ്യമന്ത്രിയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ നില്‍ക്കുകയാണ് സിപിഐ. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സിപിഐ നേതാക്കളുമായി ബിനോയ് വിശ്വം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നിര്‍ണായക തീരുമാനം നേതൃത്വം കൈക്കൊണ്ടത്.

പിഎം ശ്രീയില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് സിപിഐ നിലപാട്. നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി.

Post a Comment

0 Comments