banner

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും മാനസികാരോഗ്യത്തിന് ദോഷം...!, മെറ്റ മറച്ചുവച്ച റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് : സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ദോഷകരമാണെന്ന് തെളിയിക്കുന്ന ആഭ്യന്തര ഗവേഷണ റിപ്പോർട്ട് മാതൃ കമ്പനിയായ മെറ്റ മറച്ചുവച്ചതായി ഗുരുതര ആരോപണം. യുഎസിലെ വിവിധ സ്കൂൾ ഡിസ്ട്രിക്റ്റുകൾ മെറ്റയ്ക്കും മറ്റ് സോഷ്യൽ മീഡിയ കമ്പനികൾക്കുമെതിരെ ഫയൽ ചെയ്ത ക്ലാസ്-ആക്ഷൻ കേസിലെ ഫയലിംഗുകളിൽ നിന്നാണ് ഈ നിർണായക വിവരം പുറത്തുവന്നത്.

2020-ൽ ‘പ്രോജക്ട് മെർക്കുറി’ എന്ന കോഡ് നാമത്തിൽ സർവേ സ്ഥാപനമായ നീൽസണുമായി ചേർന്ന് മെറ്റ നടത്തിയ ഗവേഷണമാണ് വിവാദത്തിന് കാരണമായത്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഡിആക്ടിവേറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തുകയായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യം. എന്നാൽ, ഗവേഷണ ഫലങ്ങൾ കമ്പനിക്ക് പ്രതികൂലമാകുമെന്ന് വ്യക്തമായതോടെ മെറ്റ ഈ പഠനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

പഠനത്തിൽ, ഫേസ്ബുക്ക് ഉപയോഗം നിർത്തിയവരിൽ വിഷാദം, ഉത്കണ്ഠ, ഏകാന്തത, സാമൂഹിക താരതമ്യം എന്നിവ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, 2021-ലെ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രകാരം, ഇൻസ്റ്റഗ്രാം കൗമാരക്കാരായ പെൺകുട്ടികളുടെ ‘ബോഡി ഇമേജ്’ (ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്) പ്രശ്നങ്ങൾ വഷളാക്കുന്നതായും മെറ്റയുടെ ആഭ്യന്തര റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. എന്നിട്ടും, ഈ വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കാൻ മെറ്റ തീരുമാനിച്ചതായാണ് ആക്ഷേപം.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ദൂഷ്യവശങ്ങൾ, പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തിൽ അവ ചെലുത്തുന്ന സ്വാധീനം, വർധിച്ചുവരുന്ന ആശങ്കയാണ്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, മെറ്റയുടെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്ത് കൂടുതൽ നിയമനടപടികൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ മാർഗങ്ങൾ

കുട്ടികളുടെ അമിതമായ ഇൻസ്റ്റഗ്രാം ഉപയോഗം തടയാൻ മാതാപിതാക്കൾക്ക് നാല് ടൂളുകൾ ഉപയോഗിക്കാമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. സമയപരിധി നിശ്ചയിക്കൽ, ഉള്ളടക്ക നിയന്ത്രണം, രക്ഷാകർതൃ നിരീക്ഷണ ടൂളുകൾ, ഓൺലൈൻ സുരക്ഷാ മാർഗനിർദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Post a Comment

0 Comments