banner

രാഹുൽ അടുത്ത സുഹൃത്ത്....!, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിൽ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയുടെ പരിഗണനയിൽ


പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ യുവതിയെ ലൈം​ഗികചൂഷണത്തിനിരയാക്കിയെന്ന കേസുമായി ബന്ധപ്പെട്ട് നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി. രാഹുലിന് സ്വന്തം കാര്‍ വിട്ടു നൽകിയതെന്തിനെന്ന വിവരം നടിയിൽ നിന്ന് ചോദിച്ചറിഞ്ഞു. രാഹുല്‍ അടുത്ത സുഹൃത്താണെന്നാണ് നടി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞതെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഫോണ്‍ വഴിയാണ് നടിയോട് വിവരങ്ങള്‍ ആരാഞ്ഞത്.

അതേസമയം, കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് രാഹുലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കും.

നേരത്തെ, രാഹുലും മുദ്ര വെച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഏഴുദിവസമായി രാഹുല്‍ ഒളിവിലാണ്. ഇതിനിടെയാണ് മറ്റൊരു യുവതി കൂടി രാഹുല്‍നെതിരെ പീഡന പരാതിയുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചത്. ഈ പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടും. ഇതിനുശേഷമാകും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. രാഹുല്‍ ഈശ്വറിന്റെ ജാമ്യ അപേക്ഷയും തിരുവന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും.

Post a Comment

0 Comments